കാലിഫോര്‍ണിയ: എഡ്ഡി നെക്കെതിയ അവസാന നിമിഷം നേടിയ ഗോളില്‍ ആഴ്‌സണലിന് വിജയം. ഇന്റര്‍ നാഷണല്‍ ചാമ്പ്യന്‍സ് കപ്പിന്റെ ആദ്യ മത്സരത്തില്‍ ആഴ്‌സണല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക്കിനെ പരാജയപ്പെടുത്തി.
ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. 49-ാം മിനിറ്റില്‍ ഗണ്ണേഴ്‌സ് മുന്നിലെത്തി. ബയേണിന്റെ ഇടതു ബാക്ക് ലൂയിസ് പോസ്‌നാന്‍സിയുടെ കാലില്‍ തട്ടി പന്ത് സ്വന്തം പോസ്റ്റില്‍ കയറുകയായിരുന്നു.
പൊരുതിക്കളിച്ച ജര്‍മന്‍ ചാമ്പ്യന്മാര്‍ 71-ാം മിനിറ്റില്‍ ഗോള്‍ മടക്കി ആഴ്‌സണലിനൊപ്പം എത്തി. സെര്‍ജി ഗാബ്‌റിയുടെ ക്രോസില്‍ തലവച്ച് റോബര്‍ട്ട് ലവന്‍ഡോസ്‌കിയാണ് ഗോള്‍ നേടിയത്.
പിന്നീട് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ ഒട്ടെറെ അവസരങ്ങള്‍ ലഭിച്ചു. കളിയവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ ആഴ്‌സണല്‍ വിജയഗോള്‍ നേടി. ടൈറീസി ജോണ്‍ നല്‍കിയ പാസ് മുതലാക്കി എഡ്ഡിയാണ് ലക്ഷ്യം കണ്ടത്.
ഇന്റര്‍ നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ പന്ത്രണ്ട് ടീമുകളാണ് മാറ്റുരയ്‌ക്കുന്നത്. പങ്കെടുക്കുന്ന ടീമുകള്‍ അമേരിക്ക, യൂറോപ്പ് , ഏഷ്യ എന്നിവിടങ്ങളിലെ വിവിധ വേദികളില്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കും.
















