സാംഖ്യയോഗം
കൃഷ്ണന്‍ പറയുന്നു! ഒരു ക്ഷത്രിയന് ഒരിക്കലും ഭൂഷണമല്ലാത്ത ഈ ഭീരുത്വം നിനക്കീ വേളയില്‍ എവിടെ നിന്നു വന്നു അര്‍ജുനാ. ധീരനായ നീ ഈ ദുര്‍ബല ഹൃദയ വികാരത്തെ ഉപേക്ഷിച്ച് മുന്നോട്ട് പോകണമെന്ന് കൃഷ്ണന്‍ നിര്‍ദേശിക്കുന്നു. അര്‍ജുനന്‍ തന്റെ വേദനാജനകമായ വികാരത്തിലൂടെ വീണ്ടും ആവര്‍ത്തിച്ചു പറയുന്നു; ‘ബന്ധുക്കളും ആചാര്യന്മാരും പിതാമഹന്മാരുമായിട്ടുള്ള ഈ യുദ്ധം, ധര്‍മശാസ്ത്രത്തിനു പോലും എതിരായതിനാല്‍ ഞാന്‍ യുദ്ധം ചെയ്യില്ല. ‘
അതിനു മറുപടിയായി കൃഷ്ണന്‍ വിവരിക്കുന്നു; നമ്മളെല്ലാം കാലാകാലം ഈ ഭൂമിയില്‍ ഉണ്ടായിരുന്നതാണ്, ഇനിയുമുണ്ടാവുന്നവര്‍ തന്നെയായിരിക്കും. ശരീരം മാറിക്കൊണ്ടേയിരിക്കുമ്പോഴും ആത്മാവ് ഒന്നു തന്നെയായി, നാം ഇവിടെ നിലനില്‍ക്കുന്നു. ഉള്ളതൊന്നും ഇല്ലാതാകുകയില്ല. ഇല്ലാത്തതൊന്നും ഉണ്ടാകുകയുമില്ല.
ആത്മാവിനെ നശിപ്പിക്കാന്‍ അര്‍ക്കുമാകില്ല. കാരണം അതിന് ജനന മരണങ്ങളില്ല. ആത്മാവ് സനാതനവും ഒരു വിധത്തിലുള്ള നാശത്തിനും വിധേയമാകാത്തതുമാണ്. ആത്മാവ് അവ്യക്തവും , ചിന്താതീതവും വികാരാതീതവുമാണ്. അങ്ങനെയുള്ള ആത്മാവ് ആരെയും കൊല്ലുന്നുമില്ല. സ്വയം വധിക്കപ്പെടുന്നുമില്ല. പിന്നെയെന്തിന് ‘ഞാന്‍ കൊല്ലുന്നു’ എന്ന് നീ വിലപിക്കുന്നു അര്‍ജുനാ എന്ന് കൃഷ്ണന്‍ വിവരിക്കുന്നു.
ഹേ അര്‍ജുനാ, ഞാന്‍ ആത്മാവിനെക്കുറിച്ച് പറഞ്ഞതൊന്നും നിനക്ക് ഇപ്പോള്‍ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. മറിച്ച് യുദ്ധഭൂമിയില്‍ നടക്കുന്നത് ചാകലും കൊല്ലലുമാണെന്ന് നിനക്ക് ഉറപ്പായും തോന്നുന്നെങ്കില്‍ ഞാന്‍ പറയട്ടെ, ജനിച്ചാല്‍ മരണമുണ്ട്, മരിച്ചാല്‍ ജനനവുമുണ്ട്. അങ്ങനെ വിശകലനം ചെയ്താല്‍ മരണത്തിനു ശേഷമുള്ള നമ്മുടെയെല്ലാം അവസ്ഥയും ജനനത്തിനു മുമ്പുള്ള അവസ്ഥയും വ്യക്തമല്ലാത്തതുമാണ്. ഇതിനു രണ്ടിനുമിടയ്‌ക്കുള്ള ഈ ജീവിതം ഒരത്ഭുത പ്രതിഭാസമാണ്. അത്ഭുതപ്രതിഭാസമായ ജീവിതം തന്നെ ഒരു നാടകമാണെന്ന് നീയറിയുക.
ധര്‍മബോധത്തോടെ ആ നാടകം അഭിനയിക്കുക. നമ്മുടെ ശരീരം തീര്‍ച്ചയായും നശിക്കുന്നു. ആത്മാവ് ശാശ്വതമായി നിലനില്‍ക്കുന്നു. ഇത് രണ്ടും മാറ്റിവെച്ചൊന്നു ചിന്തിക്കുക. നീ നിന്റെ ധര്‍മം ചെയ്യേണ്ടതല്ലേ? അഥവാ, ക്ഷത്രിയനായ നീ നിന്റെ ധര്‍മത്തെ പുന:സ്ഥാപിക്കാന്‍ ശ്രമിക്കേണ്ടതല്ലേ? മറ്റെല്ലാ മാര്‍ഗങ്ങളും അടഞ്ഞപ്പോഴല്ലേ, ക്ഷത്രിയന്റേതായ സ്വധര്‍മം യുദ്ധത്തിലൂടെ നീ അനുഷ്ഠിക്കുന്നത്? ക്ഷത്രിയ ധര്‍മമാണ് യുദ്ധത്തിലൂടെ പോലും രാഷ്‌ട്രധര്‍മം നിലനിര്‍ത്തുകയെന്നത്.
അപ്രകാരം ചെയ്യാതെ യുദ്ധക്ഷേത്രത്തില്‍ നിന്ന് ശത്രുക്കളെ കണ്ട് ഭയപ്പെട്ട് പലായനം ചെയ്യാനാണ് ഭാവമെങ്കില്‍ നീ ക്ഷത്രിയ ധര്‍മം ലംഘിച്ചവനായിത്തീരും. അര്‍ജുനനന്‍ ഭീരുവാണെന്ന് ലോകജനത മുദ്ര കുത്തും.
















