മുംബൈ: 2011- ല്‍ ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകന്‍ എം.എസ്. ധോണിയുടെ ഭാവി സംബന്ധിച്ച് തീരുമാനമായില്ല. ഇംഗ്ലണ്ടിലെ ലോകകപ്പിനുശേഷം ധോണി അരങ്ങൊഴിയുമെന്ന് അഭ്യൂഹം ഉണ്ടായി. പക്ഷെ ഇക്കാര്യത്തില്‍ ധോണി ഇതുവരെ മനസ് തുറന്നിട്ടില്ല. എന്നാല്‍ വിന്‍ഡീസ് പര്യടനത്തിന് താനില്ലെന്ന് ധോണി സെലക്ടര്‍മാരെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്തു.
ഇംഗ്ലണ്ടില്‍ തന്റെ നാലാമത്തെയും അവസാനത്തെയും ഏകദിന ലോകകപ്പ് കളിച്ച ധോണി ഇന്ത്യന്‍ ടീമിനൊപ്പം വിന്‍ഡീസിലേക്ക് പോകില്ല. പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ലോകകപ്പോടെ ധോണി വിരമിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ ധോണി കുറച്ചുകാലം കൂടി ടീമിനൊപ്പം തുടരും. എന്നാല്‍ ഇന്ത്യയിലോ വിദേശത്തോ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഇന്ത്യക്ക് വേണ്ടി കളിക്കില്ല. യുവ താരമായ ഋഷഭ് പന്തിനെ ഒന്നാം നമ്പര്‍ കീപ്പറായി വളര്‍ത്തിയെടുക്കുന്നതിന് പരിശ്രമിക്കും. ധോണിയുടെ പരിചയ സമ്പത്ത് ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
ഋഷഭ് പന്തിനെക്കാള്‍ സീനിയറായ ദിനേഷ് കാര്‍ത്തിക്ക് ഇന്ത്യന്‍ ടീമിന്റെ ഭാഗമായി തുടരും. പക്ഷെ മുപ്പത്തിനാലുകാരനായ കാര്‍ത്തിക്കിന് കീപ്പര്‍ സ്ഥാനം നല്‍കില്ല. ഇരുപത്തിരണ്ടുകാരനായ പന്തിനെ കീപ്പറായി വളര്‍ത്തിയെടുക്കാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. ഓസ്‌ട്രേലിയയിലെ അടുത്ത വര്‍ഷത്തെ ടി ട്വന്റി ലോകകപ്പിന് മുമ്പ് പന്ത് മികച്ച കീപ്പറാകുമെന്നാണ് പ്രതീക്ഷ.
ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സുമായി ഒരു വര്‍ഷത്തെ കരാര്‍ കൂടിയുള്ള സാഹചര്യത്തില്‍ ധോണി ധൃതിപിടിച്ച് വിരമിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 2018 ധോണി ചെന്നൈ സൂപ്പര്‍ കിങ്ങ്‌സുമായി മൂന്ന് വര്‍ഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. ചെന്നൈ ടീമിന്റെ നട്ടെല്ലാണ് ധോണി. അതിനാല്‍ ഉടനെയൊന്നും ധോണി അരങ്ങൊഴിയാന്‍ സാധ്യതയില്ല. ഇന്ത്യന്‍ ടീമിന്റെ വിന്‍ഡീസ് പര്യടനം അടുത്ത മാസം മൂന്നിന് ആരംഭിക്കും. മൂന്ന് ഏകദിനങ്ങളും അത്രയും തന്നെ ടി ട്വന്റി മത്സരങ്ങളും കളിക്കും.
















