അഹമ്മദാബാദ്: പതിനെട്ടുകാരനായ നരേന്ദര്‍ ഗെലോട്ട് ചരിത്രം കുറിച്ചു. രാജ്യാന്തര ഫുട്‌ബോളില്‍ ഇന്ത്യക്കായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന ബഹുമതി നരേന്ദറിന് സ്വന്തമായി.
ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ സിറിയക്കെതിരായ ലീഗ് മത്സരത്തില്‍ ഗോള്‍ നേടിയാണ് നരേന്ദര്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഗോളടിക്കുമ്പോള്‍ താരത്തിന്റെ പ്രായം പതിനെട്ട് വയസും 83 ദിവസവും.
രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യക്കായി ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം മിസോറാമിന്റെ ജെറി സിര്‍സംഗയാണ്. 2004ല്‍ പതിനാറ് വയസും 311 ദിവസവും പ്രായമുള്ളപ്പോള്‍ കുവൈറ്റിനെതിരായ സൗഹൃദ മത്സരത്തില്‍ ഗോള്‍ നേടിയാണ് ജെറി റെക്കോഡിട്ടത്.
സിറിയക്കെതിരെ അമ്പത്തിയൊന്നാം മിനിറ്റിലാണ് നരേന്ദര്‍ ഗോള്‍ നേടിയത്. ഈ ഗോളില്‍ ഇന്ത്യ മുന്നിലെത്തി. പക്ഷെ 78-ാം മിനിറ്റില്‍ സിറിയ ഗോള്‍ മടക്കി സമനില പിടിച്ചു. പെനാല്‍റ്റി കിക്കിലൂടെ ഫിറാസ് അല്‍ ഖാത്തിബാണ് ഗോള്‍ മടക്കിയത്്.
ആദ്യ രണ്ട് ലീഗ് മത്സരങ്ങളിലും തോറ്റ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് താജിസ്ഥാനോടും രണ്ടാം മത്സരത്തില്‍ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഉത്തര കൊറിയയോടും ഇന്ത്യ തോറ്റു. സിറിയയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുകള്‍ വീതം നേടിയ താജികിസ്ഥാനും ഉത്തര കൊറിയയും ഫൈനലില്‍ കടന്നു. ശനിയാഴ്ചയാണ് ഫൈനല്‍.
















