ഭഗല്‍പൂര്‍ : മാതാപിതാക്കളുടെ വഴക്കില്‍ മനംനൊന്ത് അതാമഹത്യചെയ്യാന്‍ അനുമതിക്കായി പ്രധാനമന്ത്രിക്ക് കത്തെഴുതി 15കാരന്‍. ജാര്‍ഖണ്ഡില്‍ താമസിക്കുന്ന ബിഹാര്‍ ഭഗല്‍പുര്‍ സ്വദേശിയായ ബാലനാണ് തന്റെ മാതാപിതാക്കള്‍ നിരന്തരം വഴക്കുകൂടുന്നതില്‍ മനംനൊന്ത് കത്തെഴുതിയത്.
ബാലന്‍ രണ്ടുമാസം മുമ്പ് പ്രസിഡന്റിന് അയച്ച കത്ത് പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയയ്‌ക്കുകയായിരുന്നു. കത്ത് ശ്രദ്ധയില്‍ പെട്ടതോടെ അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.
കുട്ടിയുടെ അച്ഛന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അമ്മ ബാങ്ക് ജീവനക്കാരിയുമാണ്. ഇവര്‍ നിത്യം വഴക്കിടുന്നത് തന്റെ പഠനത്തെ ബാധിക്കുന്നുവെന്നും സമാധാനം നഷ്ടപ്പെടുന്നുവെന്നുമാണ് ബാലന്റെ കത്തില്‍ പറയുന്നുണ്ട്.
കൂടാതെ അമ്മയുടെ നിര്‍ദ്ദേശ പ്രകാരം ക്യാന്‍സര്‍ ബാധിതനായ അച്ഛനെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബാലന്‍ കത്തില്‍ ആരോപിച്ചു. ബിഹാര്‍ ഭഗല്‍പുരിലെ കഹല്‍ഗാവില്‍ മുത്തച്ഛന്റെ കൂടെ താമസിച്ചാണ് ബാലന്‍ ആദ്യം പഠിച്ചിരുന്നത്. പിന്നീട് തുടര്‍ വിദ്യാഭ്യാസത്തിനായി ജാര്‍ഖണ്ഡിലെ ഡിയോഘറിലുള്ള മാതാപിതാക്കളുടെ അടുത്തേയ്‌ക്ക് വരികയായിരുന്നു.
കത്ത് ശ്രദ്ധിക്കപ്പെട്ടതോടെ ബാലന്റെ പിതാവിന്റെ ബന്ധുക്കള്‍ അമ്മക്കെതിരെ ആരോപണവുമായി രംഗത്തെത്തി. കുടുംബ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ഇവരാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അതിനിടെ പ്രധാനമന്ത്രി ഇതുസംബന്ധിച്ച് അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
















