ലണ്ടന്‍: ലോകകപ്പ് ഫൈനലില്‍ വീരോചത പോരാട്ടം നടത്തിയ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് നൈറ്റ്ഹുഡ് (സര്‍ സ്ഥാനം) പദവി ലഭിച്ചേക്കും. ബെന്‍ സ്‌റ്റോക്‌സിന്റെ മികവിലാണ് ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ലോകകിരീടം നേടിയത്. ഇംഗ്ലണ്ടില്‍ കായിക താരങ്ങള്‍ക്ക് നല്‍കുന്ന ഉയര്‍ന്ന ബഹുമതികളിലൊന്നാണ് സര്‍ സ്ഥാനം. പ്രധാനമന്ത്രി സ്ഥാനാര്‍ഥികളായ ബോറിസ് ജോണ്‍സണും ജെര്‍മി ഹണ്ടും ബെന്‍ സ്‌റ്റോക്‌സിന് നൈറ്റ്ഹുഡ് നല്‍കുമെന്ന് ഒരു ചര്‍ച്ചക്കിടെ വെളിപ്പെടുത്തി. ഈ മാസം അവസാനത്തോടെ തെരേസ മേ പ്രധാനമന്ത്രിസ്ഥാനം ഒഴിയുന്നതോടെ ഇവരില്‍ ഒരാള്‍ പ്രധാനമന്ത്രിയാകും.
ഞാന്‍ പ്രധാനമന്ത്രിയായാല്‍ ബെന്‍ സ്‌റ്റോക്‌സിന് നൈറ്റ് ഹുഡ് പദവി നല്‍കുമെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ താനും ബെന്‍ സ്‌റ്റോക്‌സിന് നൈറ്റ് ഹുഡ് പദവി സമ്മാനിക്കുമെന്ന് ജെര്‍മി ഹണ്ടും വ്യക്തമാക്കി.
ഇതുവരെ പതിനൊന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍ക്ക് നൈറ്റ്ഹുഡ് ലഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ മുന്‍ ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ അലിസ്‌റ്റെയര്‍ കുക്കിനാണ് അവസാനമായി നൈറ്റ്ഹുഡ് പദവി ലഭിച്ച ക്രിക്കറ്റര്‍.
ലോകകപ്പ് ഫൈനലില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്ന ബെന്‍സ്‌റ്റോക്‌സ് കളിയിലെ കേമനുളള പുരസ്‌കാരം സ്വന്തമാക്കി. അതിനിടെ, ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീം പ്രധാനമന്ത്രി തെരേസ മെയെ സന്ദര്‍ശിച്ചു. ഡൗണിങ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
















