വില്ലിങ്ടണ്‍: ഫൈനലില്‍ ആരും തോറ്റില്ലെന്ന് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. ആവേശകരമായ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ തോല്‍വിയുമായി പൊരുത്തപ്പെടാന്‍ തന്റെ ടീം ശ്രമിച്ചുവരികയാണെന്നും വില്യംസണ്‍ പറഞ്ഞു.
ഫൈനലും സൂപ്പര്‍ ഓവറും സമനിലയായതിനെ തുടര്‍ന്ന് ബൗണ്ടറികളുടെ എണ്ണം നോക്കിയാണ് ഇംഗ്ലണ്ടിനെ ജേതാക്കളാക്കിയത്. ഈ നിയമത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്. നിയമം പുനഃപരിശോധിക്കണമെന്ന് പ്രമുഖ ക്രിക്കറ്റ് പണ്ഡിതര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.
ഫൈനലിന്റെ അവസാനം ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. ആരും തോറ്റില്ല. പക്ഷെ ഒരു ടീമിനെ ജേതാവായി പ്രഖ്യാപിച്ചെന്ന് വില്യംസണ്‍ പറഞ്ഞു. ക്രിക്കറ്റിലെ ജെന്റില്‍മാനായ വില്യംസണ്‍ പരാതിയൊന്നും പറയാതെ തോല്‍വി അംഗീകരിച്ചു. ജേതാക്കളായ ഇംഗ്ലണ്ടിനെ പ്രശംസിക്കുകയും ചെയ്തു.
ലോര്‍ഡ്‌സിലെ കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെക്കാള്‍ കുറവ് ബൗണ്ടറി നേടിയതിനെ തുടര്‍ന്നാണ് ന്യൂസിലന്‍ഡിന് ലോക കിരീടം നഷ്ടമായത്. ഫൈനലിലും സൂപ്പര്‍ ഓവറിലുമായി ഇംഗ്ലണ്ട് 26 ബൗണ്ടറി നേടി. ന്യൂസിലന്‍ഡ് 17 ബൗണ്ടറികളും.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 241 റണ്‍സ് നേടി. മറുപടി പറഞ്ഞ ഇംഗ്ലണ്ടും അമ്പത് ഓവറില്‍ 1241 റണ്‍സ് എടുത്തു. തുടര്‍ന്ന് സൂപ്പര്‍ ഓവറിലും ഇരു ടീമുകളും പതിനഞ്ച് റണ്‍സ് വീതമെടുത്ത് ഒപ്പത്തിനൊപ്പം നിന്നു.
















