ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും പേസര്‍ ജസ്പ്രീത് ബുംറയും ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ടിലെ ലോകകപ്പിന് ശേഷം പുറത്തിറക്കിയ പുതിയ റാങ്കിങ്ങില്‍ 891 പോയിന്റോടെയാണ് കോഹ്‌ലി ബാറ്റ്‌സ്മാന്മാരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 814 പോയിന്റോടെയാണ് ബുംറ ബൗളര്‍മാരുടെ റാങ്കില്‍ ആദ്യ സ്ഥാനം നിലനിര്‍ത്തിയത്്.
ലോകകപ്പില്‍ കിരീടം നേടിയ ഇംഗ്ലണ്ടിന്റെയും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ന്യൂസിലന്‍ഡിന്റെയും ഒട്ടേറെ താരങ്ങള്‍ക്ക് പുതിയ റാങ്കിങ്ങില്‍ സ്ഥാനക്കയറ്റം ലഭിച്ചു.
ലോകകപ്പിന്റെ താരമായ കെയ്ന്‍ വില്യംസണ്‍ 796 പോയിന്റോടെ ബാറ്റസ്മാന്മാരുടെ റാങ്കിങ്ങില്‍ ആറാം സ്ഥാനത്തെത്തി. വില്യംസണിന്റെ സഹതാരമായ റോസ് ടെയ്‌ലര്‍ അഞ്ചാം സ്ഥാനത്തെത്തി.
ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനാണ് മു്ന്നില്‍. ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സാണ് രണ്ടാം സ്ഥാനത്ത്.
ഇതാദ്യമായി ലോകകപ്പ് നേടിയ ഇംഗ്ലണ്ടാണ് ടീം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുളള ഇന്ത്യയെക്കാള്‍ മൂന്ന്് പോയിന്റിന് മുന്നിലാണവര്‍.
















