ന്യൂദല്‍ഹി: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ലോകകപ്പ് ടീമില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ്. ധോണിയുമില്ല. ഇംഗ്ലണ്ടിലെ ലോകകപ്പില്‍ കളിച്ചവരില്‍ നിന്നാണ് സച്ചിന്‍ ലോക ടീമിനെ തെരഞ്ഞെടുത്തത്.
ന്യൂസിലന്‍ഡിന്റെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് സച്ചിന്റെ ടീമിന്റെ നായകന്‍. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുള്‍പ്പെടെ അഞ്ചു ഇന്ത്യന്‍ താരങ്ങള്‍ ടീമിലുണ്ട്. രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് ലോക ടീമിലിടം നേടിയ മറ്റ് ഇന്ത്യന്‍ കളിക്കാര്‍.
ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോയും രോഹിത് ശര്‍മയുമാണ് ഓപ്പണര്‍മാര്‍. വില്യംസണ്‍ , കോഹ്‌ലി എന്നിവരാണ് യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിലെ ബാറ്റ്‌സ്മാന്മാര്‍. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ സച്ചിന്റെ ടീമില്‍ സ്ഥാനം നേടി. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍, ജസ്പ്രീത് ബുംറ എന്നിവരാണവര്‍.
നേരത്തെ ഐസിസിയും ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. ഇതില്‍ ഇന്ത്യയില്‍ നിന്ന് രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയും മാത്രമാണ് ഇടം നേടിയത്.
സച്ചിന്റെ ലോകകപ്പ് ടീം: രോഹിത് ശര്‍മ, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്യംസന്‍ (ക്യാപ്റ്റന്‍), വിരാട് കോഹ് ലി, ഷാക്കിബ് അല്‍ ഹസന്‍, ബെന്‍ സ്‌റ്റോക്ക്‌സ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഫ്ര ആര്‍ച്ചര്‍, ജസ്പ്രീത് ബുംറ.
















