തിരുവനന്തപുരം : റിമാന്‍ഡിലിരിക്കേ പ്രതി മരിച്ച സംഭവത്തില്‍ പീരുമേട് സബ്‌ജെയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. നെടുങ്കണ്ടം സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിന്റെ മരണത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.
ഇതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ വാസ്റ്റിന്‍ ബോസ്‌കോയെ ജയില്‍ മേധാവി സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ താല്‍കാലിക വാര്‍ഡനായിരുന്ന സുഭാഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
ജയിലില്‍ കഴിയവേ രാജ്കുമാറിന്റെ ആരോഗ്യസ്ഥിതി മോശമായപ്പോള്‍ അത് മേലുദ്യോഗസ്ഥരെ അറിയിക്കാതിരുന്നതും, അടിയന്തരവൈദ്യസഹായം നല്‍കാതിരുന്നതും ഗുരുതരവീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 57 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ഡിഐജി നല്‍കിയത്. അതേസമയം കേസില്‍ വകുപ്പ് തല അന്വേഷണത്തിന് ചീമേനി ജെയില്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
















