മുംബൈ: ലോകകപ്പ് ഫൈനലിലെത്താതെ ഇന്ത്യ പുറത്തായതോടെ വിരാട് കോഹ്‌ലിയെ നായകസ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ഉപ നായകനായ രോഹിത്ത് ശര്‍മ്മയെ ഏകദിന നായക പദവി ഏല്‍പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ബിസിസിഐയിലും ചര്‍ച്ചയാവും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ലോകകപ്പ് അവസാനിച്ചതോടെ മറ്റ് ടീമുകള്‍ അടുത്ത ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ടീം ഇന്ത്യ ഏകദിന ക്യാപ്റ്റന്‍സി ഹിറ്റ്മാനെ ഏല്‍പിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് ബിസിസിഐയിലെ ഒരു ഉന്നതന്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് വ്യക്തമാക്കി.
‘ഏകദിന നായകസ്ഥാനം രോഹിത്തിനെ ഏല്‍പിക്കാനുള്ള കൃത്യമായ സമയമാണിത്. നിലവിലെ നായകനും മാനേജ്മെന്റിനും എല്ലാ പിന്തുണയുമുണ്ട്. എന്നാല്‍ അടുത്ത ലോകകപ്പിന് മുന്‍പ് ടീമിന് നവ ഭാവുകത്വം നല്‍കേണ്ടതണ്ട്. ചില മേഖലകളില്‍ മാറ്റം വരുത്താനുണ്ടെന്ന് നമുക്കറിയാം. നായകനാകാന്‍ ഉചിതമായ താരമാണ് രോഹിതെന്നും’ ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കി.
രോഹിത്തിന്റെ ബാറ്റിങ്ങിനെ കുറിച്ച് കോഹ്‌ലി നേരത്തെ പ്രശംസിച്ചിരുന്നു. വര്‍ഷങ്ങളായി ഞാന്‍ രോഹിത്തിന്റെ ബാറ്റിംഗ് കാണുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനാണ് രോഹിത്ത്. രോഹിത്തിന്റെ പ്രകടനം വളരെയധികം സന്തോഷം നല്‍കുന്നു. രോഹിത്ത് ഇങ്ങനെ കളിക്കുന്നത് കാണുന്നത് തന്നെ എല്ലാവരെയും സന്തോഷിപ്പിക്കുന്ന കാര്യമാണ്. ജസ്‌പ്രീത് ബുമ്രയുടെ ബൗളിംഗും മത്സരത്തില്‍ നിര്‍ണായകമായെന്ന് കോഹ്‌ലി പറഞ്ഞു.
ഏത് സാഹചര്യത്തിലും ബുമ്രയെ വിശ്വസിച്ച് പന്തേല്‍പ്പിക്കാം. ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബൗളറാണ് അയാള്‍. കൃത്യമായി പദ്ധതികള്‍ക്കനുസരിച്ച് ബൗള്‍ ചെയ്യാന്‍ ബുമ്രക്ക് അറിയാം. ഹര്‍ദ്ദിക് പാണ്ഡ്യയുടെ ബൗളിംഗിനെയും കോഹ്‌ലി പ്രശംസിച്ചു. റണ്‍സ് നിയന്ത്രിക്കുക മാത്രമല്ല വിക്കറ്റെടുക്കാനും പാണ്ഡ്യക്ക് അറിയാമെന്നും കോഹ്‌ലി പറഞ്ഞു.
ബംഗ്ലാദേശ് മികച്ച പോരാട്ടമാണ് കാഴ്ചവെച്ചതെന്നും അവസാന വിക്കറ്റ് വീഴും വരെ അവര്‍ പൊരുതിയെന്നും കോഹ്‌ലി പറഞ്ഞു. അല്‍പം കഷ്ടപ്പെട്ടിട്ടാണെങ്കിലും ലോകകപ്പ് സെമിയിലേക്ക് യോഗ്യത നേടാനായതില്‍ സന്തോഷമുണ്ടെന്നും കോഹ്‌ലി പറഞ്ഞു.
















