തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥി അഖിലിനെ ക്യാംപസിനുള്ളില്‍ വച്ചു എസ്എഫ്‌ഐ നേതാക്കള്‍ കുത്തിയതിനു പിന്നിലെ ദൂരൂഹത ഏറുന്നു. കേവലം വ്യക്തിവിരോധമോ ക്യാംപസിനുള്ളിലെ തര്‍ക്കമോ അല്ലെന്നും അതിലുപരി കൂടുതല്‍ ഗുരുതര വിഷയങ്ങള്‍ സംഭവത്തിനു പിന്നിലുണ്ടെന്ന സംശയിക്കുകയാണ് പൊലീസ്. കുത്തേറ്റ അഖിലും ഒന്നാം പ്രതി ശിവരഞ്ജിത്തും അയല്‍ക്കാര്‍ കൂടിയാണ്. പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ ശിവ രഞ്ജിത്തും നസീമും മറ്റു ചില എസ്എഫ്‌ഐ നേതാക്കളും ഉന്നത റാങ്ക് നേടിയതിനു പിന്നില്‍ വന്‍ ക്രമക്കേടുണ്ടെന്ന് അഖില്‍ പലരോടും പറഞ്ഞിരുന്നു. ഇതിനെ ചൊല്ലി അയല്‍ക്കാരായ ഇരുവരും വാക്കുതര്‍ക്കം ഉണ്ടായാതായും പൊലീസ്. ഇതിന്റെ അവസാനമെന്നോണം ആണ് കോളേജില്‍ മനപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയും അഖിലിനെ പ്രതികള്‍ കൊല്ലണമെന്ന ഉദ്ദേശത്തോടെ കുത്തിയതും. ഇതോടെ പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റിലെ അഴിമതി കൂടുതല്‍ വ്യക്തമാകുകയാണ്.
കേരള സര്‍വകലാശാലയെ പ്രതിനീധീകരിച്ച് അമ്പെയ്‌ത്ത് വിഭാഗത്തില്‍ ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തതിന്റെ അധികമാര്‍ക്കായി 13.58 മാര്‍ക്കും ചേര്‍ത്ത് 91.91 മാര്‍ക്ക് നേടിയാണ് ശിവ രഞ്ജിത്ത് കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത്. എന്നാല്‍, ശിവ രഞ്ജിത്ത് പങ്കെടുത്ത മത്സരങ്ങളെ ചൊല്ലിലും അഖില്‍ സുഹൃത്തുക്കളോട് ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതോടെ അഖിലിനോട് പ്രതിക്കുള്ള വൈരാഗ്യം വര്‍ധിച്ചതായും പൊലീസ് കരുതുന്നു. ശിവ രഞ്ജിത്ത് ഒന്നാം റാങ്ക് നേടിയത് ക്രമക്കേടിലൂടെയാണു അഖില്‍ കൂട്ടുകാരോടു പറഞ്ഞതായി പൊലീസിനു വിവരവും ലഭിച്ചിരുന്നു. ഇതോടെ, കത്തിക്കുത്ത് കേസ് കൂടുതല്‍ മാനങ്ങളിലേക്ക് കടക്കുകയാണ്.
കേസിലെ ഒന്നും രണ്ടും പ്രതികളായ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവ രഞ്ജിത്, സെക്രട്ടറി നസീം എന്നിവരും എസ്എഫ്ഐ യൂണിറ്റ് ഭാരവാഹി പ്രണവ് എന്നിവര്‍ പിഎസ് സി നടത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഉന്നതറാങ്ക് വാങ്ങിയതിന്റെ ദൂരൂഹത കൂടുതല്‍ ശക്തമാവുകയാണ്.
















