ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് ഫൈനലില്‍. ഇന്നലെ നടന്ന സെമിഫൈനലില്‍ സ്പാനിഷ് താരം റോബര്‍ട്ടോ ബാറ്റിസ്റ്റ അഗസ്റ്റിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്‍ ദ്യോക്കോ ഫൈനലിലേക്ക് കുതിച്ചത്. സ്‌കോര്‍: 6-2, 4-6, 6-3, 6-2. മത്സരം രണ്ട് മണിക്കൂറും 48 മിനിറ്റും നീണ്ടു. കരിയറിലെ ആറാം വിംബിള്‍ഡണ്‍ ഫൈനലിനാണ് ദ്യോക്കോ യോഗ്യത നേടുന്നത്.
ആദ്യ സെറ്റ് ദ്യോക്കോവിച്ച് അനായാസം നേടിയെങ്കിലും രണ്ടാം സെറ്റില്‍ റോബര്‍ട്ടോ ലോക ഒന്നാം നമ്പര്‍ താരത്തെ ഞെട്ടിച്ചു. എന്നാല്‍ അടുത്ത സെറ്റുകളില്‍ ഉജ്ജ്വല ഫോമിലേക്ക് തിരിച്ചെത്തിയ ദ്യോക്കോവിച്ച് അനായാസമാണ് മത്സരം സ്വന്തമാക്കിയത്. ഫൈനലില്‍ നദാല്‍-ഫെഡറര്‍ മത്സര വിജയിയെയാണ് ദ്യോക്കോവിച്ച് നേരിടുക.
















