ന്യൂഡല്‍ഹി: ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലാന്‍ഡിനോട് 18 റണ്‍സ് തോല്‍വി നേരിട്ടതിനു പിന്നാലെ ഇന്ത്യന്‍ ടീം കോച്ചിങ് സ്റ്റാഫ് തലത്തില്‍ അഴിച്ചു പണിക്ക് സാധ്യതയെന്നു റിപ്പോര്‍ട്ട്. രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള കോച്ചിങ് സ്റ്റാഫുകളുടെ കരാര്‍ ലോകകപ്പിനു ശേഷം അവസാനിക്കുകയാണ്. എന്നാല്‍, ഇവരുടെ സേവനം 45 ദിവസം കൂടി നീട്ടി നല്‍കി ബിസിസിഐ ഉത്തരവിറക്കിയിരുന്നു. പക്ഷേ, സെമിഫൈനലിലെ തോല്‍വിക്ക് ശേഷം മറ്റു കോച്ചുമാരുടെ നില ഭദ്രമാണെങ്കിലും അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബംഗാറിന്റെ നില പരുങ്ങലിലെന്നാണ് സൂചന. ലോകകപ്പ് ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യന്‍ മധ്യനിരയെ ചൊല്ലിയുള്ള വിവാദം ശക്തമായിരുന്നു. ടീം പ്രഖ്യാപനത്തില്‍ തുടങ്ങിയതാണ് വിവാദം. ബാറ്റിങ് നിരയില്‍ നാലാം സ്ഥാനക്കാരാന്‍ ആരാണെന്ന അഭ്യൂഹം ടീം പ്രഖ്യാപനത്തിനു മുന്‍പു സജീവമായിരുന്നു. ഋഷഭ് പന്തിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നതെങ്കിലും നറുക്ക് വീണതാകട്ടെ വിജയ് ശങ്കറിനും. ലോകകപ്പിലെ ആദ്യ പാദ മത്സരങ്ങളില്‍ രോഹിത്, കെ.എല്‍. രാഹുല്‍, കോഹ്ലി, വിജയ് ശങ്കര്‍, കേദാര്‍ ജാദവ്, ധോണി, ഹാര്‍ദിക് പാണ്ഡ്യ എന്ന നിലയിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡര്‍. എന്നാല്‍, ഇതില്‍ വിജയ് ശങ്കറിനു കേദാര്‍ ജാദവിനും ഫോമിലേക്ക് ഉയരാന്‍ സാധിച്ചില്ല. ഇതിനു പിന്നാലെയാണ് ഇവര്‍ക്കും പരുക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്നു പിന്മാറേണ്ടി വന്നത്. പകരക്കാരായി എത്തിയത് ഋഷഭ് പന്തും മായങ്ക് അഗര്‍വാളും. എന്നാല്‍, ദിനേശ് കാര്‍ത്തിക്കിനാണ് പന്തിനൊപ്പം മധ്യനിരയില്‍ സ്ഥാനം ലഭിച്ചത്. ഇതാകട്ടെ ഫലം കണ്ടിതുമില്ല. ലഭിച്ച അവസരങ്ങളില്‍ ഋഷഭ് പന്ത് ശരാശരി നിലവാരത്തേലിക്ക് ഉയര്‍ന്നപ്പോള്‍ ദിനേശ് കാര്‍ത്തിക് പൂര്‍ണ പരാജയം ആയിരുന്നു. ന്യൂസിലാന്‍ഡിനെതിരായ സെമി മത്സരത്തില്‍ ആദ്യ മൂന്നു വിക്കറ്റുകള്‍ തുടരെ നഷ്ടമായിട്ടും ധോണിക്ക് അവസരം നല്‍കാതെ മറ്റു ബാറ്റ്‌സ്മാന്‍മാരെ പരീക്ഷിച്ചതില്‍ ടീം മാനെജ്‌മെന്റ് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.
ഇന്ത്യന്‍ ടീമിന്റെ ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍ എന്നിവരുടെ സേവനം വളരെ മികച്ചതെന്നു ബിസിസിഐ വിലയിരുത്തുമ്പോള്‍ ബംഗാറിന് ഇതിലും നന്നായി ജോലി ചെയ്യാമായിരുന്നു എന്നാണ് അധികൃതര്‍ കരുതുന്നത്. ലോകകപ്പില്‍ മാത്രമല്ല, കഴിഞ്ഞ കുറച്ചു സീസണുകളിലായി മധ്യനിരയില്‍ വരുത്തുന്ന മാറ്റങ്ങളും പരീക്ഷണങ്ങളും ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിക്കുന്നെന്നു മുതിര്‍ന്ന ബിസിസിഐ അംഗം തന്നെ വ്യക്തമാക്കി. മധ്യനിരയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബംഗാറിന് ആയിട്ടില്ലെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ കോച്ചിങ് ടീമിന് 45 ദിവസം കൂടി നീട്ടി നല്‍കിട്ടുണ്ടെങ്കിലും ഇവരെ വീണ്ടും നിയമിക്കും മുന്‍പ് ഗുരുതരമായ ചോദ്യങ്ങള്‍ക്ക് രവി ശാസ്ത്രി അടക്കമുള്ളവര്‍ ഉത്തരം നല്‍കേണ്ടി വരും.
















