മാഞ്ചസ്റ്റര്‍: ഇന്ത്യൻ ടീമിന്റെ നട്ടെല്ലും മുൻ നായകനുമായ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കൽ വാർത്തകളെകുറിച്ച് ഒന്നുമറിയില്ലെന്ന് നായകൻ വിരാട് കോഹ്‌ലി. വിരമിക്കൽ തീരുമാനം എടുക്കേണ്ടത് ധോണി തന്നെയാണ്. ധോണി ഭാവികാര്യങ്ങളെക്കുറിച്ച് ഞങ്ങളോടോ ടീമിനോടോ ഒന്നും പറഞ്ഞിട്ടില്ലെന്നും കോഹ്‌ലി വ്യക്തമാക്കി.
ലോകകപ്പ് സെമി ഫൈനലിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് കോഹ്‌ലി ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരെ ധോണിയെ ഏഴാമനായി ഇറക്കാനുള്ള തീരുമാനത്തെ കോഹ്‌ലി ന്യായീകരിക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും മത്സരങ്ങളായി ധോണിയെ ഏല്‍പ്പിച്ച റോള്‍ ഫിനിഷറുടേതാണെന്നും അതിനാലാണ് അദ്ദേഹത്തെ ഏഴാം നമ്പറില്‍ ഇറക്കിയതെന്നും കോഹ്‌ലി പറഞ്ഞു.
ലോകകപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തോടെ ടീം ഇന്ത്യയുടെ തല പടിയിറങ്ങുമെന്ന വാർത്ത ന്യൂസ് ഏജൻസിയായ പിടിഐയാണ് ആദ്യമായി പുറത്തുവിട്ടത്. എന്നാൽ ഈ വിഷയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡോ ധോണിയോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. രാജ്യാന്തര ക്രിക്കറ്റിൽ നീണ്ട പതിനഞ്ച് വർഷത്തെ അനുഭവ പാരമ്പര്യമുള്ള ധോണിയുടെ ചിറകിലേറി ടീ ഇന്ത്യ ഏകദിന, ട്വന്റി20, ചാമ്പ്യൻസ് ട്രോഫി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
റണ്‍ മെഷീന്‍ വിരാട് കോഹ്‌ലിയെ ഇന്ത്യന്‍ ടീം കൂടുതലായി ആശ്രയിക്കുന്നു എന്ന വിമര്‍ശനം നാളുകളായി കേള്‍ക്കുന്നുണ്ടായിരുന്നു. ലോകകപ്പില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ വിസ്മയ ഫോമിലെത്തിയതോടെ ഹിറ്റ്മാനെയും ടീം കൂടുതലായി ആശ്രയിക്കേണ്ടിവരുന്നു. മധ്യനിര കാര്യമായ മികവ് കാട്ടുന്നില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
















