മാഞ്ചസ്റ്റര്‍: ന്യൂസിലന്‍ഡിനെതിരായ ലോക കപ്പ് സെമിയില്‍ മുതിര്‍ന്ന താരം മഹേന്ദ്ര സിംഗ് ധോണിയെ ഏഴാം സ്ഥാനത്ത് ഇറക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന താരങ്ങള്‍. എം എസ് ധോണിയെ അഞ്ചാം നമ്പറില്‍ ഇറക്കിയിരുന്നെങ്കില്‍ മത്സരത്തിന്റെ ഫലം മറ്റൊന്നാകുമെന്നായിരുന്നുവെന്നാണ് സച്ചിനും ഗാംഗുലിയും വ്യക്തമാക്കി. ഇതിനുപിന്നാലെ വിമര്‍ശനവുമായി വി വി എസ് ലക്ഷമണനും രംഗത്തെത്തിയിരിക്കുകയാണ്.കോഹ്ലിയുടെ തന്ത്രങ്ങള്‍ പിഴച്ചുവെന്നാണ് ലക്ഷ്മണ്‍ പറഞ്ഞത്.
എം എസ് ധോണി ഹാര്‍ദിക് പാണ്ഡ്യക്ക് മുമ്പ് ക്രീസിലെത്തണമായിരുന്നു. അല്ലെങ്കില്‍ കാര്‍ത്തികിന് മുന്നെയെങ്കിലും ഇറങ്ങണമായിരുന്നു. ധോണിക്ക് വേണ്ടിയുള്ള വേദിയായിരുന്നത്. ധോണി, ഹാര്‍ദ്ദിക്കിനും കാര്‍ത്തിക്കിനും മുമ്പ് ബാറ്റിംഗിനെത്തണമായിരുന്നെന്ന് 2011-ലെ ലോക കപ്പ് ഒര്‍മ്മിപ്പിച്ച് ലക്ഷ്മണ്‍ പറയുന്നു. അന്ന് ഇത് പോലെ നാലാംനമ്പരില്‍ ധോണി ബാറ്റിംഗിനിറങ്ങിയത് ഇന്ത്യയ്‌ക്ക് ലോക കിരീടമാണ് നേടിത്തന്നതെന്നും ലക്ഷ്മണ്‍ പറയുന്നു. കിവീസിനെതിരെ വന്‍ ടാക്ടിക്കല്‍ ബ്ലണ്ടറാണ് ഇന്ത്യ വരുത്തിയതെന്നും ലക്ഷ്മണ്‍ കുറ്റപ്പെടുത്തി.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തുടക്കം തന്നെ തകര്‍ന്നിരുന്നു. 5 റണ്‍സിന് 3 വിക്കറ്റും, 24 റണ്‍സിന് 4 വിക്കറ്റും നഷ്ടമായിട്ടും ധോണി ക്രീസിലെത്തിയിരുന്നില്ല. ധോണിക്ക് മുന്‍പേ ദിനേഷ് കാര്‍ത്തിക്കിനേയും, ഹാര്‍ദിക് പാണ്ഡ്യയേയുമാണ് ഇന്ത്യ കളിക്കാനിറക്കിയത്. ഈ തന്ത്രമാണ് ഇന്ത്യയുടെ തോല്‍വിയിലേക്ക് നയിച്ചത്.
















