ന്യൂദല്‍ഹി: ഇന്ത്യന്‍ താരം മഹേന്ദ്ര സിങ് ധോണിക്കെതിരെ യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിങ്. ധോണി മോശപ്പെട്ട വ്യക്തിയാണെന്നാണ് യോഗ്‌രാജ് പറഞ്ഞത്. കഴിഞ്ഞ ദിവസം ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അമ്പാടി റായ്ഡുവിന്റെ വിരമിക്കലുമായി ബന്ധപ്പെട്ടാണ് യോഗ്രാജ് സിങ് ധോണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
റായ്ഡു വിരമിക്കല്‍ തീരുമാനം മാറ്റണമെന്നും കളിക്കളത്തിലേക്ക് തിരിച്ചുവരണമെന്നും യോഗ്‌രാജ് വ്യക്തമാക്കി. അദ്ദേഹത്തിന് ഇനിയും ഏറെ കാലഘട്ടം കളിക്കളത്തില്‍ തുടരാന്‍ സാധിക്കും. എല്ലാത്തരം ക്രിക്കറ്റുകളില്‍ നിന്നും വിരമിക്കുന്നതായി റായ്ഡു കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടതോടെയാണ് റായ്ഡു വിരമിച്ചത്. ലോകകപ്പിനുള്ള സ്റ്റാന്‍ഡ് ബൈ പട്ടികയില്‍ ഉള്‍പെട്ടിരുന്നെങ്കിലും ശിഖര്‍ ധവാനും വിജയ് ശങ്കറിനും പരിക്കേറ്റപ്പോള്‍ ഋഷഭ് പന്തും മയാങ്ക് അഗര്‍വാളുമാണ് പകരക്കാരായി എത്തിയത്. ഇതോടെയാണ് താരം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയെന്ന തീരുമാനത്തില്‍ എത്തിയത്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി യുവാക്കള്‍ക്ക് എങ്ങനെ അവസരം നല്‍കി എന്നതിനെക്കുറിച്ചും യോഗരാജ് പറഞ്ഞു. എന്നാല്‍ ധോണിയെപ്പോലുള്ളവര്‍ എന്നെന്നേക്കുമായി നിലനില്‍ക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
















