ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സ് സെമിയില്‍. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ ബെല്‍ജിയം താരം ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ദ്യോക്കോ സെമിയിലെത്തിയത്. സ്‌കോര്‍: 6-4, 6-0, 6-2. സ്പാനിഷ് താരവും 23-ാം സീഡുമായ റോബര്‍ട്ടോ ബാറ്റിയുസ്റ്റ അഗസ്റ്റും സെമിയിലെത്തി. അര്‍ജന്റീനയുടെ ഗ്യൂഡോ പെല്ലെയെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്പാനിഷ് താരം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-5, 6-4, 3-6, 6-3.
വനിതാ സിംഗിള്‍സില്‍ എട്ടാം സീഡ് എലീന സ്വിറ്റോലിന, ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബാറ സസ്‌ട്രൈക്കോവ എന്നിവരും സെമിയിലെത്തി. സ്‌ട്രൈക്കോവ ഇംഗ്ലണ്ടിന്റെ ജോഹന്ന കോന്റെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെമിയിലെത്തിയത്. സ്‌കോര്‍: 7-6 (7-5), 6-1. ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മച്ചോവയെ 7-5, 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് സ്വിറ്റോലിന അവസാന നാലില്‍ ഇടം നേടിയത്. സെമിയില്‍ എലീന സിമോണ ഹാലെപ്പിനെയും ബാര്‍ബാറ സെറീന വില്യംസിനെയും നേരിടും.
















