നാപ്പോളി: ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വേഗറാണി ദ്യൂതി ചന്ദ്. 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടിയാണ് ദ്യുതി മീറ്റിലെ വിസ്മയമായത്. ഇതോടെ ഒരു അന്താരാഷ്‌ട്ര മത്സരത്തിലും ലോക യൂണിവേഴ്സിറ്റി ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ദ്യുതി സ്വന്തമാക്കി. ഫൈനലില്‍ 11.32 സെക്കന്‍ഡിലാണ് ദ്യുതി ഫിനിഷ് ലൈന്‍ കടന്നത്.
ഈ ഇനത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ അജ്ല ഡെല്‍ പോന്റെയ്‌ക്കാണ് വെള്ളി. 11.33 സെക്കന്റ് ആണ് സ്വിസ് താരത്തിന്റെ സമയം. 11.39 സെക്കന്‍ഡില്‍ ജര്‍മനിയുടെ ലിസ മേരി കെയ് വെങ്കലം നേടി. ഹീറ്റ്സില്‍ 11.58 സെക്കന്റെടുത്താണ് ദ്യുതി സെമിഫൈനലിന് യോഗ്യത നേടിയത്. എന്നാല്‍ സെമിയില്‍ 11.41 സെക്കന്റ്സ് ആയി ഇന്ത്യന്‍ താരം സമയം മെച്ചപ്പെടുത്തി.
11.26 സെക്കന്റാണ് ദ്യുതിയുടെ ഈ സീസണിലെ മികച്ച സമയം. 2019 ഏപ്രിലില്‍ ദോഹയിലായിരുന്നു ഈ സമയം കുറിച്ചത്. ഏറ്റവും മികച്ച വ്യക്തിഗത സമയം 11.24 സെക്കന്റാണ്.
‘ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഞാന്‍ പഠിക്കുന്ന കെഐഐടി യൂണിവേഴ്സിറ്റിക്കും അതിന്റെ സ്ഥാപകന്‍ പ്രൊഫസര്‍ സമന്റാജിക്കും ഈ മെഡല്‍ ഞാന്‍ സമര്‍പ്പിക്കുന്നു.
സ്വര്‍ണം നേടിയ ദ്യുതിയെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജ്ജു, ടെന്നീസ് താരം സാനിയ മിര്‍സ തുടങ്ങിയവര്‍ അഭിനന്ദിച്ചു. ‘അസാധാരണ അത്‌ലറ്റിന്റെ അസാധാരണ നേട്ടം’ എന്നാണ് മോഡി ട്വിറ്ററില്‍ കുറിച്ചത്.
















