സാവോ പോളോ: ബ്രസീലിനെ ചാമ്പ്യന്മാരാക്കാന്‍ ആസൂത്രണം ചെയ്തതാണ് 2019ലെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റെന്ന് ആരോപിച്ച അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് രാജ്യാന്തര ഫുട്‌ബോളില്‍ രണ്ട് വര്‍ഷം വിലക്ക് വന്നേക്കും. ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് ഫുട്‌ബോള്‍ മിശിഹയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നത്.
ചിലിക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് നല്‍കിയതിനെതിരെ മെസി വിമര്‍ശിച്ചിരുന്നു. അര്‍ജന്റീനയുടെ അര്‍ഹിച്ച വിജയങ്ങള്‍ തെറ്റായ റഫറിങ്ങിലൂടെ മനഃപൂര്‍വം തട്ടിയെടുത്തെന്നും മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരശേഷം മെസി ആരോപിച്ചു. മത്സരം വിജയിച്ചെങ്കിലും മെഡല്‍ പോലും വാങ്ങാതെയാണ് മെസി മടങ്ങിയത്. അഴിമതിയില്‍ പങ്കാളിയാവാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം മെഡല്‍ സ്വീകരിക്കാതിരുന്നത്.
മെസിയുടെ ആരോപണങ്ങള്‍ തള്ളിയ കോണ്‍ഫെഡറേഷന്‍ കോപ്പ അമേരിക്കയോടുള്ള ബഹുമാനക്കുറവാണ് മെസി കാണിച്ചതെന്ന് വ്യക്തമാക്കി. കോണ്‍ഫെഡറേഷനെ അപമാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ വിലക്ക് നല്‍കാമെന്നാണ് നിയമം. വിലക്ക് ഏര്‍പ്പെടുത്തിയാല്‍ 2022 ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങളും 2020ല്‍ അര്‍ജന്റീനയിലും കൊളംബിയയിലുമായി നടക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റും മെസിക്ക് നഷ്ടമാകും.
















