കൊച്ചി : നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് റിട്ടയേര്‍ഡ് ജസ്റ്റിസ് കെമാല്‍ പാഷ. ജുഡീഷ്യറിയുടെ അധികാരം ഫലപ്രദമായി വിനിയോഗിക്കാന്‍ മജിസ്‌ട്രേറ്റിന് കഴിയണമായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാറിനടുത്ത് പോയാണ് മജിസ്‌ട്രേറ്റ് പ്രതി രാജ്കുമാറിനെ റിമാന്‍ഡ് ചെയ്യുന്നത്. ഈ സാഹചര്യത്തെക്കുറിച്ച് എങ്കിലും മജിസ്‌ട്രേറ്റ് ആലോചിക്കേണ്ടതായിരുന്നു. തുടര്‍ നടപടി എന്നിട്ടായിരുന്നു എടുക്കേണ്ടിയിരുന്നത്.
അവശതയിലായ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നല്‍കാന്‍ മജിസ്‌ട്രേറ്റ് തയ്യാറാകണമായിരുന്നു എന്നും കെമാല്‍ പാഷ കുറ്റപ്പെടുത്തി. കസ്റ്റഡി കൊലപാതക കേസില്‍ ജയില്‍ അധികൃതര്‍ക്കും വീഴ്ചയുണ്ടായി. അത്ര അവശനായിരുന്ന പ്രതിയെ ആശുപത്രിയിലാക്കാന്‍ ജയില്‍ സൂപ്രണ്ട് തയ്യാറായില്ല. മജിസ്‌ട്രേറ്റിനടുത്തേക്ക് നടക്കാന്‍ കഴിയാതിരുന്ന പ്രതി ജയിലിലേക്ക് നടന്ന് കയറുന്നതെങ്ങനെയെന്നാണ് കെമാല്‍ പാഷ ചോദ്യം ഉന്നയിക്കുകയും ചെയ്തു.
അതേസമയം പ്രതി രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒമ്പത് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കേസില്‍ ഇതുവരെ 52 പോലീസുകാരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണത്തില്‍ ഒമ്പത് പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നത്.
രാജ്കുമാര്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന നാല് ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പേരെയും വിശദമായി ചോദ്യം ചെയ്‌തെങ്കിലും കുടുതല്‍ അറസ്റ്റിലേക്ക് നയിക്കാന്‍ പാകത്തില്‍ വിവരങ്ങളൊന്നും ഇവരില്‍ നിന്ന് കിട്ടിയിട്ടില്ല. നിലവില്‍ അറസ്റ്റിലായ എസ്‌ഐ സാബു അടക്കം നാല് പേരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്.
രാജ് കുമാറിനെ മര്‍ദ്ദിക്കാനുള്ള സാഹചര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തതയും തെളിവുകളും ആവശ്യമെന്നിരിക്കെ കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടാം പ്രതി റിജിമോനെയും മൂന്നാം പ്രതി റിയാസിനെയും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
അവശനിലയിലായിരുന്ന രാജ് കുമാറിന് ചികിത്സ നല്‍കുന്നതില്‍ വലിയ വീഴ്ച ജയിലധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച അന്വേഷണ ഉദ്യോഗസ്ഥനായ മധ്യമേഖലാ ഡ്‌ഐജി രണ്ടാം ഘട്ട മൊഴിയെടുപ്പിന് ശേഷം ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന് അടുത്ത ദിവസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
















