കൊച്ചി: വിശ്വാസങ്ങളില്‍ കോടതിവിധിയല്ല, ചര്‍ച്ചയും സമവായവുമാണ് വേണ്ടതെന്ന് അയോധ്യക്കേസ് ചൂണ്ടിക്കാട്ടിയും കോടതിവിധികളില്‍ ബാഹ്യ ഇടപെടലുകളുണ്ടെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ പറഞ്ഞത് ആവര്‍ത്തിച്ചും യാക്കോബായ സഭാ നേതൃത്വം.
”വിശ്വാസകാര്യങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ല. അതുകൊണ്ടാണ് അയോധ്യക്കേസില്‍ പോലും ചര്‍ച്ചയും സമവായവുമുണ്ടാക്കാന്‍ കോടതി പറഞ്ഞത്. കോടതി വിധികള്‍ അപ്പാടേ നടപ്പാക്കാത്ത സംഭവങ്ങളുണ്ട്, ജെല്ലിക്കെട്ട്, വിളപ്പില്‍ശാല തുടങ്ങിയ വിധികള്‍ ഉദാഹരണം. ഇന്ന് കോടതി വിധികളില്‍പോലും ബാഹ്യ സ്വാധീനം ഉണ്ടെന്ന് സുപ്രീം കോടതി നടപടികള്‍ നിര്‍ത്തിവെച്ച് നാല് ജഡ്ജിമാര്‍ പറഞ്ഞത് എല്ലാവര്‍ക്കും അറിയാവുന്നതാണ്,” യാക്കോബായ സഭാ മെത്രാപ്പോലീത്തമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
”വിശ്വാസങ്ങളില്‍ ഏറ്റവും പ്രധാനമാണ് ശവസംസ്‌കാരം. അതില്‍ ഒരു കോടതിക്കും ഇടപെടാനാവില്ല. യാക്കോബായ സഭ ഇല്ലാതാകേണ്ടതാണെന്ന് ഒരു ജഡ്ജ് ആഗ്രഹിക്കുന്നതുപോലെയുണ്ട്,” ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. 2019 ജൂലൈ രണ്ടിലെ വിധിയല്ല, 1995 ലെ വിധിയാണ് അടിസ്ഥാനമെന്നാണ് സഭയുടെ വാദം. ഈ വിധിയുടെ അടിസ്ഥാനത്തില്‍, സമവായം ഉണ്ടാക്കണം. അതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കാന്‍ തയാറാണ്.
ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പരാമര്‍ശിച്ച്, ദേവലോകം ബാവ ചര്‍ച്ചയ്‌ക്ക് വരുന്നില്ലെന്ന് കുറ്റപ്പെടുത്തിയതോടൊപ്പം അടിസ്ഥാനപരമായി ഇരുവിഭാഗത്തിനും ഒന്നിക്കാനാവില്ലെന്നും അവര്‍ സ്ഥാപിച്ചു. 1912-ല്‍ മാതൃസഭയായ യാക്കോബായയില്‍നിന്ന് പിരിഞ്ഞു പോയവരാണ് ഓര്‍ത്തഡോക്‌സെന്നും അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നത് മതംമാറുന്നതിനു തുല്യമാണെന്നും തോമസ് മാര്‍ തിമോത്തിയോസ് സ്ഥാപിച്ചു.
എന്നാല്‍, പിണറായി സര്‍ക്കാരില്‍ വിശ്വാസം ആവര്‍ത്തിച്ച മെത്രാപ്പോലീത്തമാര്‍ സെമിത്തേരികളും പള്ളികളും പണിയാന്‍ സൗകര്യം ഒരുക്കിയാല്‍ കാര്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാരിനാവുമെന്ന തന്ത്രപരമായ സൂചന നല്‍കുകയും ചെയ്തു.
















