ലണ്ടന്‍: റൗണ്ട് റോബിന്‍ ലീഗിലെ അവസാന മത്സരത്തില്‍ ഓസീസിനെതിരെ ദക്ഷിണാഫ്രിക്ക നേടിയ അട്ടിമറി ജയം ലോകകപ്പില്‍ ഇന്ത്യക്ക് ഗുണമായി. ഇതോടെ സെമിയില്‍ ആതിഥേയരും അപകടകാരികളുമായ ഇംഗ്ലണ്ടിനെ നേരിടുന്നത് ഒഴിവായി. ആദ്യ സെമിയില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും ഓസീസും കൊമ്പുകോര്‍ക്കും.
അവസാന ലീഗ് മത്സരങ്ങളില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിക്കുകയും ദക്ഷിണാഫ്രിക്ക ഓസീസിനെ അട്ടിമറിക്കുകയും ചെയ്തതോടെ പോയിന്റ് നിലയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക്് കയറി. ഒമ്പത് മത്സരങ്ങളില്‍ പതിനഞ്ച് പോയിന്റ്. ഓസീസ് പതിനാല് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി. 12 പോയിന്റോടെ ഇംഗ്ലണ്ട് മൂന്നാം സ്ഥാനവും പതിനൊന്ന് പോയിന്റുമായി ന്യൂസിലന്‍ഡ് നാലാം സ്ഥാനവും കരസ്ഥമാക്കി. പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരുമാണ് ആദ്യ സെമിയില്‍ ഏറ്റുമുട്ടുക. രണ്ടാം സെമിയില്‍ രണ്ട്, മൂന്ന്് സ്ഥാനങ്ങള്‍ നേടിയ ടീമുകളാണ് മാറ്റുരയ്‌ക്കുക.
ഓള്‍ഡ്ട്രാഫോഡില്‍ നാളെയാണ് ഇന്ത്യ- ന്യൂസിലന്‍ഡ് സെമി ഫൈനല്‍. പതിനാറ് വര്‍ഷത്തിനുശേഷമാണ് ലോകകപ്പില്‍ ഈ ടീമുകള്‍ മാറ്റുരയ്‌ക്കുന്നത്. പ്രാഥമിക റൗണ്ടില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുളള മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
2003 ലെ ലോകകപ്പിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ കിവീസിനെ തോല്‍പ്പിച്ചു. ഇത്തവണയും ഇന്ത്യക്കാണ് വിജയ സാധ്യത. ഈ വര്‍ഷമാദ്യം നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ 4-1 ന്റെ വിജയം നേടിയിരുന്നു.
ലോകകപ്പില്‍ പ്രാഥമിക റൗണ്ടിലെ ഒമ്പത് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രം തോറ്റ ഏക ടീമാണ് ഇന്ത്യ. ആതിഥേയരായ ഇംഗ്ലണ്ടിനോട് മാത്രമാണ് ഇന്ത്യ തോറ്റത്. അവരെ സെമിയില്‍ നേരിടുന്നത്് ഒഴിവായതില്‍ ഇന്ത്യക്ക് ആശ്വസിക്കാം. സെമിഫൈനല്‍ നടക്കുന്ന എഡ്ജ്ബാസ്റ്റണിലാണ് ഇന്ത്യ റൗണ്ട് റോബിന്‍ ലീഗില്‍ ഇംഗ്ലണ്ടിനോട് തോറ്റത്്.
അതേസമയം തുടര്‍ച്ചയായ ആറു മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിച്ച കിവീസ് അവസാന മൂന്ന് മത്സരങ്ങളിലും തോറ്റു. പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളോടാണ് കിവീകള്‍ അടിയറവ് പറഞ്ഞത്. മികച്ച റണ്‍ശരാശരിയുടെ പിന്‍ബലത്തിലാണ് ന്യൂസിലന്‍ഡ് പാക്കിസ്ഥാനെ പിന്തള്ളി സെമിയില്‍ കടന്നത്.
പോയതവണത്തെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിന് ഇതാദ്യമായി ലോകകപ്പ് ഉയര്‍ത്താന്‍ പുത്തന്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ടിവരും. നായകന്‍ കെയ്ന്‍ വില്യംസണ്‍ തന്നെയാണ് അവരുടെ ശക്തി. പരിക്കേറ്റ പേസര്‍ ലോക്കി ഫെര്‍ഗ്യൂസന്‍ സെമിയില്‍ കളിക്കുമെന്നാണ് പ്രതീക്ഷ. ട്രെന്റ് ബോള്‍ട്ടും ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യയുടെ റണ്‍മെഷീനായ രോഹിത് ശര്‍മയെ തടയാമെന്ന പ്രതീക്ഷയിലാണ് കിവികള്‍. ശ്രീലങ്കക്കെതിരെയും സെഞ്ചുറി നേടിയ രോഹിത് ശര്‍മ 647 റണ്‍സുമായി റണ്‍വേട്ടയില്‍ മുന്നിട്ടുനില്‍ക്കുകയാണ്.
















