ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് നിരോധന ബില്ലിനെ വെല്ലുവിളിച്ച് വിവാഹ ബന്ധം വേര്‍പെടുത്തിയതിനെതിരെ കടുത്ത നടപടിയുമായി കോടതി. മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തിയ യുവാവിന്റെ മാതാപിതാക്കളുടെ വസ്തുക്കള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനിയുടെ പരാതിയില്‍ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ.എം. ബഷീറാണ് നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ആര്യാട് സൗത്ത് കൊറ്റംകുളങ്ങരയില്‍ ഷമ്മാസ് 2018 ജനുവരി ഒന്നിനാണ് യുവതിയെ വിവാഹം കഴിച്ചത്. വിദേശത്ത് ജോലിയുള്ള ഷമ്മാസും വീട്ടുകാരും വിവാഹബന്ധം ഉപേക്ഷിക്കാന്‍ നിരന്തരമായി മാനസികവും ശാരീരികമായും പീഡിപ്പിച്ചിരുന്നു. എന്നാല്‍ ക്രൂരമര്‍ദ്ദനം നടത്തിയും യുവതി വഴങ്ങാതായപ്പോള്‍ ഷമ്മാസ് കഴിഞ്ഞ മാസം ഏഴിന് തലാക്ക് കുറി അയച്ചു ബന്ധം വേര്‍പെടുത്തുകയായിരുന്നു.
നിക്കാഹ് സമയത്ത് അണിഞ്ഞ 27പവനും നല്‍കിയ മൂന്ന് ലക്ഷവും കൂടാതെ ജീവനാംശമായി 15 ലക്ഷവും ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. ഇതോടെയാണ് യുവാവിന്റെ രക്ഷിതാക്കളുടെ വസ്തുക്കള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. വാദി ഭാഗത്തിനായി അഡ്വ. കെ. നജീബ് ഹാജരായി. നേരത്തെയുള്ള മുത്തലാഖ് നിരോധന ബില്‍ അസാധുവായതോടെയാണ് പുതിയ ബില്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ചത്.
















