പാലക്കാട് : സ്പിരിറ്റുകേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് ജയിലില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത് താര പരിവേഷത്തില്‍. പാലക്കാട് ചിറ്റീര്‍ സ്പിരിറ്റുകേസിലെ പ്രതിയായ അത്തിമണി അനിലിനെയാണ് സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആഘോഷത്തോടെ സ്വീകരിച്ചത്.
സ്പിരിറ്റു കടത്തു കേസില്‍ 60 ദിവസം റിമാന്‍ഡിലായിരുന്ന അത്തിമണി അനിലിന് ചിറ്റൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ജയിലില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കിയത്. മുദ്രാവാക്യം വിളിയും ചുവന്ന മാലയും ഒഴിവാക്കിയെന്നു മാത്രം. എസ്എഫ്‌്െഎ ജില്ലാ നേതാവ് ഉള്‍പ്പെടെയുളളവരാണ് അനിലിനെ സ്വീകരിക്കാനെത്തിയിരുന്നു.
കേസില്‍ പിടിയിലായതോടെ അനിലിനെ പുറത്താക്കിയതായി പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ അനില്‍ പുറത്തിറങ്ങുന്നതിന്റെ ടിക്‌ടോക് വിഡിയോ പുറത്തുവന്നിരുന്നു. ഇതോടെ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വെളിച്ചത്തുവന്നിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ളതായിരുന്നെന്നും വീഡിയോ ദൃശ്യങ്ങള്‍ തെളിയിക്കുന്നുണ്ട്. എന്തായാലും അനിലിന് പാര്‍ട്ടി ഒരുക്കിയ വന്‍ സ്വീകരണത്തിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്.
















