ലീഡ്‌സ്: ലോകകപ്പില്‍ പിന്‍നിരക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ പരിചയസമ്പന്നരായ വിന്‍ഡീസ് വിജയം വരിച്ചു. അവസാന മത്സരത്തില്‍ ആദ്യ വിജയം ലക്ഷ്യമിട്ട അഫ്ഗാനിസ്ഥാനെ മുന്‍ ചാമ്പ്യന്മാരായ വിന്‍ഡീസ് 23 റണ്‍സിന് തോല്‍പ്പിച്ചു. ഒമ്പത് മത്സരങ്ങളില്‍ വിന്‍ഡീസിന്റെ രണ്ടാം വിജയമാണിത്. അതേസമയം അഫ്ഗാനിസ്ഥാന്‍ തുടര്‍ച്ചയായ ഒമ്പതാം തോല്‍വിയാണിത്. ഒറ്റപോയിന്റുപോലും നേടാതെയാണ് അവര്‍ മടങ്ങുന്നത്.
ഷായ് ഹോപ്പിന്റെ ബാറ്റിങ്ങും കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിന്റെ ബൗളിങ്ങുമാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് അടുപ്പിച്ചത്. ഹോപ്പ് (77), ലൂയിസ് (58), പൂരന്‍(50) എന്നിവരുടെ അര്‍ധ സെഞ്ചുറികളില്‍ വിന്‍ഡീസ് 50 ഓവറില്‍ ആറു വിക്കറ്റിന് 311 റണ്‍സ് എടുത്തു.
വിജയം ലക്ഷ്യമിട്ട് ക്രീസിലിറങ്ങിയ അഫ്ഗാനെ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റും കെമര്‍ റോച്ചും ചേര്‍ന്ന് ചുരുട്ടികെട്ടി. ബ്രാത്ത്്‌വെയ്റ്റ് ഒമ്പത് ഓവറില്‍ 63 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്‌ത്തി. കെമര്‍ റോച്ച് 37 റണ്‍സിന് മൂന്ന് പേരെ പുറത്താക്കി. ഇതോടെ അഫ്ഗാന്റെ പോരാട്ടം 288 റണ്‍സിലവസാനിച്ചു.
അഫ്ഗാനുവേണ്ടി പതിനെട്ടുകാരനായ ഇക്രം അലിഖില്‍ 93 പന്തില്‍ 86 റണ്‍സ് നേടി ടോപ്പ് സ്‌കോററായി. റഹ് മത്ത് ഷാ 78 പന്തില്‍ 62 റണ്‍സ് കുറിച്ചു. അഷ്ഗര്‍ അഫ്ഗാന്‍ (40), നജിബുളള സദ്രാന്‍ ( 31) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
















