ചേര്‍ത്തല: സര്‍ക്കാര്‍ സ്‌ക്കൂളില്‍ കൃപാസനം പത്രം വിതരണം ചെയ്ത സംഭവം വിവാദമായി, അധ്യാപിക നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. രക്ഷാകര്‍ത്താക്കളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ അധ്യാപികയോട് അവധിയെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. പട്ടണക്കാട് എസ്സിയു ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലാണ് സംഭവം.
ജൂസഫിന എന്ന അധ്യാപികയാണ് എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൃപാസനം പത്രം നല്‍കിയത്. പത്രം പുസ്തകങ്ങളോടൊപ്പം സൂക്ഷിച്ചാല്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുമെന്ന് കുട്ടികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കുട്ടികള്‍ വീട്ടില്‍ പറഞ്ഞതോടെ രക്ഷകര്‍ത്താക്കള്‍ പരാതിയുമായി സ്‌കൂളിലെത്തി. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് അധ്യാപികയ്‌ക്ക് മെമ്മോ നല്‍കാന്‍ സ്‌കൂള്‍ അധികാരികള്‍ തയ്യാറായത്.
വിദ്യാര്‍ത്ഥിയുടെ അസുഖബാധിതയായ അമ്മയ്‌ക്ക് വേണ്ടി മാത്രമാണ് പത്രം നല്‍കിയതെന്നാണ് അധ്യാപിക നല്‍കിയ വിശദീകരണം. അധ്യാപികയില്‍നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉടന്‍ വിദ്യാഭ്യാസ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറുമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഇതേ സമയം കൃപാസനം പത്രം നല്‍കി വിശ്വാസകച്ചവടം നടത്താനുള്ള ശ്രമം വിവാദമായിട്ടും ഇവര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഹൈന്ദവ സംഘടനകള്‍ അധ്യാപികയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്.
















