തിരുവനന്തപുരം : കസ്റ്റഡി മര്‍ദ്ദനക്കേസുകളില്‍ ഉദ്യോഗസ്ഥരില്‍നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കാതെ സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസനിധിയില്‍നിന്ന് പണം അനുവദിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷനംഗം പി.മോഹനദാസ്. പീരുമേട് റിമാന്‍ലിരിക്കെ പ്രതിയായ രാജ്കുമാര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് ഈ പ്രസ്താവന.
ദുരിതാശ്വാസ നിധിയെന്നത് മുഖ്യമന്ത്രിയുടെ സ്വകാര്യ സ്വത്തല്ലെന്ന് പറഞ്ഞ പി. മോഹനദാസ് ഇത്തരം കേസുകളില്‍ നഷ്്ടപരിഹാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നും അറിയിച്ചു. കൂടാതെ കസ്റ്റഡി മര്‍ദ്ദനക്കേസുകളില്‍ അടിയന്തിര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം കേസുകളില്‍ അടിയന്തിര നടപടിയെടുത്തില്ലെങ്കില്‍ അത് ഉദ്യോഗസ്ഥര്‍ക്ക് പ്രോത്സാഹനമായി മാറും. കേസില്‍ ആരോപണ വിധേയരായിട്ടുള്ള ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സ്വതന്ത്രമായി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.
തസ്തിക വ്യത്യാസമില്ലാതെ എല്ലാവരുടെയും കാര്യത്തില്‍ ഇത് ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ല എന്ന ആരോപണം ശരിയല്ല. ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നേരിട്ട് കേസെടുത്തിട്ടുണ്ടെന്നും മോഹനദാസ് കൂട്ടിച്ചേര്‍ത്തു.
















