തിരുവനന്തപുരം: റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി രാജ്കുമാര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അന്വേഷണത്തിനായി സിറ്റിങ് ജഡ്ജിയെ വിട്ടു കിട്ടാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെടും. സിറ്റിങ് ജഡ്ജിയുടെ സേവനം ലഭ്യമല്ലെങ്കില്‍ ജില്ലാ ജഡ്ജിയുടെ പദവിയിലുള്ളവരുടെ സേവനം തേടാനാണ് സര്‍ക്കാര്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അന്വേഷണ കമ്മിഷന്റെ പരിഗണനയ്‌ക്ക് വിടാനും തീരുമാനമായിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ ഔദ്യോഗികമായി അറിയിക്കും.
അതിനിടെ രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍വച്ച് മര്‍ദ്ദിച്ചത് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് അറസ്റ്റിലായ എസ്ഐ കെ.എ. സാബു ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കി. രണ്ടു പോലീസുകാര്‍ ചേര്‍ന്ന് സ്റ്റേഷനു മുകളിലെ വിശ്രമമുറിയില്‍ രാജ്കുമാറിനെ മാറി മാറി മര്‍ദ്ദിച്ചതെന്ന് അറസ്റ്റിലായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീവ് ആന്റണിയും മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം മര്‍ദ്ദനം പുറത്തറിയാതിരിക്കാന്‍ രാജ്കുമാറിന്റെ മുറിവില്‍ എണ്ണ ചൂടാക്കി തടവുകയായിരുന്നു എന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുമ്പാകെ പോലീസുകാര്‍ അറിയിച്ചിട്ടുണ്ട്.
















