കൊച്ചി : ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നാലെ സിറോ മലബാര്‍സഭാ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വനഭൂമി കൈയേറിയെന്ന കുറ്റത്തിന് വനംവകുപ്പ് കേസെടുത്തു. മലയാറ്റൂര്‍ കുരിശുമുടിയുടെ അടിവാരത്ത് 20 സെന്റോളം വനഭൂമി കൈയേറി ടാറിങ് നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്രവനസംരക്ഷണ നിയമം, കേരള വനനിയമം എന്നിവ പ്രകാരം കേസെടുത്തത്.
2017 ല്‍ ഒമ്പതുപേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അടുത്തിടെയാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയെയും മലയാറ്റുര്‍ പള്ളി റെക്ടര്‍ ഫാ.ജോണ്‍ തേയ്‌ക്കനാട്ടിനെയും പ്രതി ചേര്‍ത്തത്. കേസില്‍ പത്താം പ്രതിയാണ് കര്‍ദ്ദിനാള്‍. പള്ളി ജീവനക്കാര്‍ കൂടാതെ ടാറിങ് നടത്തി. കരാറുകാരും കേസില്‍ പ്രതികളാണ്.
അതിനിടെ കേസില്‍ തന്നെ പ്രതി ചേര്‍ത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി. ഇക്കാര്യത്തില്‍ കോടതി വനംവകുപ്പിന്റെ നിലപാട് തേടിയിട്ടുണ്ട്.
അടിവാരത്തെ റോഡ് വീതികൂട്ടിയതും പാര്‍ക്കിങ് ഏരിയ ടാര്‍ ചെയ്തതും വനസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു കേസ്. ഈ ഭാഗം വനമേഖലയാണ്. ഒന്നാം പ്രതി റെക്ടര്‍ ഫാ.സേവ്യര്‍ തേലക്കാട്ട് വനത്തിനുള്ളില്‍ കപ്യാരുടെ കുത്തേറ്റു മരിച്ചിരുന്നു.
1961 ല്‍ പത്തേക്കര്‍ സ്ഥലമാണു കുരിശുമുടിക്കായി സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയത്. തുടര്‍ന്നു പാട്ടം പുതുക്കിയിട്ടില്ല. വനസംരക്ഷണ നിയമം നിലവില്‍ വന്നപ്പോള്‍ പാട്ടം പുതുക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് പലവട്ടം കത്തയച്ചിട്ടും പ്രതികരണമുണ്ടായില്ല. ആരുടെ പേരില്‍ പാട്ടം പുതുക്കണമെന്നതിനെച്ചൊല്ലി മേജര്‍ ആര്‍ച്ച് ബിഷപ്പ് കുരിയയും മലയാറ്റുര്‍ പള്ളിയും തമ്മിലുള്ള തര്‍ക്കമായിരുന്നു കാരണം.
വന നിയമങ്ങള്‍ ലംഘിച്ചതിനാല്‍ കര്‍ദ്ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയുള്ള കേസ് നിലനില്‍ക്കുമെന്നും കുറ്റവിമുക്തമാക്കാന്‍ കഴിയില്ലെന്നുമാണ് വനംവകുപ്പിന്റെ നിലപാട്. സംഭവം കേന്ദ്ര പരിസ്ഥിതി- വനം വകുപ്പിനു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യം അടുത്താഴ്ച കോടതിയെ അറിയിക്കും.
അതേസമയം വനം കൈയേറി അനധികൃതമായി ടാര്‍ ചെയ്ുന്നതുയ ശ്രദ്ധയില്‍പ്പെട്ടിട്ടും മഹസര്‍ എഴുതാത്തതിനു ഡെപ്യൂട്ടി റേഞ്ച് ഓഫീസറോടു വനംവകുപ്പ് വിശദീകരണം ചോദിച്ചിരുന്നു. സംഭവം നേരില്‍ കണ്ടെങ്കിലും ആളുകളുടെ എണ്ണം കൂടുതലായതിനാല്‍ തടയാന്‍ കഴിഞ്ഞില്ലെന്നാണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ വിശദീകരണം നല്‍കിയത്.
















