പോര്‍ട്ടോ അലിഗ്രി(ബ്രസീല്‍): നിലവിലെ ചാമ്പ്യന്മാരായ ചിലിയെ അട്ടിമറിച്ച് പെറു കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് പെറു ചിലിയെ തകര്‍ത്തുവിട്ടത്. ഫൈനലില്‍ പെറു ആതിഥേയരായ ബ്രസീലിനെ നേരിടും. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ന്കളി തുടങ്ങും.
എഡിസന്‍ ഫ്‌ളോറസ്, യോഷിമര്‍ യോടണ്‍, പാവ്‌ലോ ഗ്യൂരേറോ എന്നിവരാണ് പെറുവിനായി ഗോളുകള്‍ നേടിയത്. 21-ാം മിനിറ്റില്‍ പെറു മുന്നിലെത്തി. ഫ്‌ളോറസാണ് ആദ്യം ചിലിയുടെ വല കുലുക്കിയത്. പതിനേഴ് മിനിറ്റുകള്‍ക്ക് ശേഷം യോഷിമര്‍ ലീഡ് 2-0 ആക്കി. ഇടവേളയ്‌ക്ക്് പെറു 2-0ന് മുന്നിട്ടുനിന്നു. അവസാന നിമിഷങ്ങളില്‍ പാവ്‌ലോയും ലക്ഷ്യം കണ്ടതോടെ പെറു 3-0ന് ജയിച്ചുകയറി.
ഈ തോല്‍വിയോടെ തുടര്‍ച്ചയായ ചിലിയുടെ തുടര്‍ച്ചയായ മൂന്നാം കിരീടസ്വപ്‌നമാണ് തകര്‍ന്നത്. കഴിഞ്ഞ രണ്ട് തവണയും ചിലിയാണ് കോപ്പ അമേരിക്കയില്‍ ചാമ്പ്യന്മാരായത്.
അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബ്രസീലിനോട് തകര്‍ന്നടിഞ്ഞ ടീമാണ് പെറു. ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് ബ്രസീല്‍ പെറുവിനെ തകര്‍ത്തത്. പക്ഷെ ഈ തോല്‍വിക്ക്് ശേഷം പെറു ശക്തമായി തിരിച്ചുവന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശക്തരായ ഉറുഗ്വെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നു. നാലിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് വിജയിച്ചത്.
മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ അര്‍ജന്റീനയും ചിലിയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 12.30 നാണ് മത്സരം
















