ലണ്ടന്‍: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിഫൈനലിലേക്ക് ചുവടുവച്ച് മുന്നേറി. ഓള്‍ റൗണ്ട് പ്രകടനത്തില്‍ കിവികളെ കൂറ്റന്‍ മാര്‍ജിന് മുക്കിയാണ് ആതിഥേയര്‍ അവസാന നാലു ടീമുകളിലൊന്നായത്്. 27 വര്‍ഷത്തിനുശേഷമാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം. 1992 ലാണ് ഇംഗ്ലീഷ് പട അവസാനമായി സെമിഫൈനല്‍ കണ്ടത്് . അന്ന് കലാശപ്പോരാട്ടത്തില്‍ പാക്കിസ്ഥാന് മുന്നില്‍ കിരീട മോഹങ്ങള്‍ തകര്‍ന്നുവീണു.
ചെസ്റ്റര്‍ ലീ സ്ട്രീറ്റില്‍ നടന്ന അവസാന ലീഗ് മത്സരത്തില്‍ 119 റണ്‍സിനാണ് ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്. 306 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ പിടിച്ച കിവീസ് 45 ഓവറില്‍ 186 റണ്‍സിന് ഓള്‍ ഔട്ടായി.
ജോണി ബെയര്‍സ്‌റ്റോയുടെ സെഞ്ചുറിയും (106) മാര്‍ക്ക് വുഡിന്റെ മിന്നുന്ന ബൗളിങ്ങുമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയം സമ്മാനിച്ചത്. മാര്‍ക്ക് വുഡ് ഒമ്പത് ഓവറില്‍ 34 റണ്‍സിന് മൂന്ന് വിക്കറ്റ്് വീഴ്‌ത്തി. കിവീസിന്റെ മധ്യനിരബാറ്റ്‌സ്മാന്‍ ലാത്തമിന് മാത്രമേ ഇംഗ്ലീഷ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായുളളൂ. ലാത്തം 65 പന്തില്‍ അഞ്ച് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 57 റണ്‍സ് നേടി. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചുവന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 27 റണ്‍സിന് റണ്‍ഔട്ടായി.
ഈ വിജയത്തോടെ ഇംഗ്ലണ്ട് ഒമ്പത് മത്സരങ്ങളില്‍ 12 പോയിന്റുമായി മൂന്നാം സ്ഥാനെത്തത്തി. ഈ മാസം പതിനൊന്നിന് ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന സെമിഫൈനലില്‍ മിക്കവാറും ഇന്ത്യയായിരിക്കും ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ആദ്യ സെമി ചൊവ്വാഴ്ച ഓള്‍ഡ് ട്രാഫോഡില്‍ നടക്കും. പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനം നേടിയ ടീമും നാലാം സ്ഥാനക്കാരും തമ്മിലാണ് ആദ്യ സെമി.
ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും ന്യൂസിലന്‍ഡിനും സെമി സാധ്യതയുണ്ട്. ഇന്ന് പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചിലെങ്കില്‍ നാലാം സ്ഥാനക്കാരായി ന്യൂസിലന്‍ഡും സെമിയിലെത്തും.
















