കൊല്‍ക്കത്ത: ജഗന്നാഥ രഥയാത്രയില്‍ ശ്രദ്ധാകേന്ദ്രമായി തൃണമൂല്‍ എം.പി നുസ്രത് ജഹാന്‍. കൊല്‍ക്കത്തയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിലെ ജഗന്നാഥ രഥയാത്രയിലാണ് നുസ്രത് ജഹാന്‍ എം.പി വിശിഷ്ടാതിഥിയായി പങ്കെടുത്തത്. ചടങ്ങിനോടനുബന്ധിച്ച് ആരതിയും പൂജയും നടത്തിയാണ് നുസ്രത് മടങ്ങിയത്.
എല്ലാ മതങ്ങളേയും താന്‍ ഒരുപോലെ ബഹുമാനിക്കുന്നുവെന്നും നുസ്രത് ജഹാന്‍ രഥയാത്രയില്‍ പങ്കെടുത്ത ശേഷം പ്രതികരിച്ചു. ഇതിന് രാഷ്‌ട്രീയ മാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും വിശ്വാസം ഉള്ളില്‍ നിന്നുണ്ടാവുന്നതാണെന്നും അവര്‍ പറഞ്ഞു.
നേരത്തെ കുങ്കുമവും മംഗല്യസൂത്രവും ധരിച്ച് പാര്‍ലമെന്റില്‍ എത്തിയതിന്റെ പേരില്‍ നുസ്രത് ജഹാന് മേല്‍ ഫത്വ പുറപ്പെടുവിച്ചിരുന്നു.ഇതരമതസ്ഥനെ വിവാഹം ചെയ്തതിനും ഇസ്ലാമിക ആചാരത്തിന് വിരുദ്ധമായി പെരുമാറിയതിനും നുസ്രത്തിനെതിരെ ബംഗാളിലെ ഇസ്ലാം പുരോഹിതര്‍ ഫത്വയും ഇറക്കിയിരുന്നു.
താന്‍ എന്ത് ധരിക്കണമെന്ന് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നായിരുന്നു നുസ്രത് അന്ന് പ്രതികരിച്ചത്. നുസ്രത്തിനെ പിന്തുണച്ച് എം.പിയും സിനിമാതാരവുമായ മിമി ചക്രവര്‍ത്തിയും രംഗത്തെത്തിയിരുന്നു.
















