തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം പഠിക്കാന്‍ മാത്രം നിയമിച്ച ജസ്റ്റിസ് മുഹമ്മദ് കമ്മീഷന് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് ഒരു കോടി 84 ലക്ഷം രൂപ. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍ എന്തിന് ഇത്രയും ഭീമമായ തുക ഈ വിഷയത്തില്‍ ചെലവാക്കിയെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. കെ. സി. ജോസഫ് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ കാലാവധി അഞ്ചുതവണ നീട്ടി നല്‍കിയിരുന്നു. പഠനം നടത്താനെന്ന പേരില്‍ കമ്മീഷനെ നിയോഗിച്ചെങ്കിലും ഇക്കാര്യത്തില്‍ ആദ്യഘട്ടത്തില്‍ മാത്രമാണ് മൊഴിയെടുപ്പ് നടന്നത്. പിന്നീട് കാര്യമായ ഒരു നീക്കവും കമ്മീഷന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. എന്നിട്ടും ഇത്രയും തുക വിനിയോഗിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.
2016- ലാണ് കൊച്ചിയില്‍ ഹൈക്കോടതി പരിസരത്തും, വഞ്ചിയൂര്‍ കോടതി പരിസരത്തും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. പിന്നീട് തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറുകയും ഹൈക്കോടതിയിലെ മീഡിയ റൂം പൂട്ടിയിടുകയും ചെയ്തിരുന്നു. മീഡിയ റൂം ഇതുവരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് തുറന്ന് നല്‍കിയില്ല.
















