ന്യൂദല്‍ഹി: ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായ്ഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരിമിച്ചു. ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടതിനെ തുടര്‍ന്നാണ് വിരിമിക്കല്‍ പ്രഖ്യാപിച്ചത്.
ഹൈദരാബാദ് ബാറ്റ്്‌സ്മാനായ റായ്ഡുവിനെയാണ് ഇന്ത്യ ലോകകപ്പില്‍ നാലാം നമ്പര്‍ ബാറ്റിങ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. പക്ഷെ അവസാന നിമിഷം റായ്ഡുവിനെ തഴഞ്ഞ് വിജയ് ശങ്കറെ ഉള്‍പ്പെടുത്തി.
ഓപ്പണര്‍ ശിഖര്‍ ധവാനും വിജയ്ശങ്കറും പരിക്കേറ്റ് മടങ്ങിയിട്ടും റായ്ഡുവിനെ ലോകകപ്പ് ടീമിലെടുത്തില്ല. ധവാന് പകരം ഋഷഭ് പന്തിനും വിജയ്ശങ്കറിന് പകരം മായങ്ക് അര്‍ഗവാളിനുമാണ് അവസരം നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് റായ്ഡു വിരമിക്കാന്‍ തീരുമാനിച്ചത്. എല്ലാ ഫോര്‍മിറ്റിലുമുളള ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് ബിസിസിഐയ്‌ക്ക്് എഴുതിയ കത്തില്‍ റായ്ഡു വ്യക്തമാക്കി.
വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള റായ്ഡുവിന്റെ കത്തു കിട്ടിയതായി ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌രി അറിയിച്ചു.
റായ്ഡു ഇന്ത്യക്കായി 55 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും പത്ത് അര്‍ധ സെഞ്ചുറിയും അടക്കം 1694 റണ്‍സ് നേടി. 47.05 ആണ് ശരാശരി. ആറു ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധാനം ചെയ്്തു.
97 ഒന്നാം ക്ലാസ് മത്സരങ്ങള്‍ കളിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ്്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കായി പാഡണിഞ്ഞു.
















