ന്യൂദല്‍ഹി: ദല്‍ഹി ചൗരി ബസാറിന് സമീപത്തെ ലാല്‍ കുവാനിലെ ക്ഷേത്രം ഇസ്ലാമിസ്റ്റുകള്‍ തകര്‍ത്തത് താലിബാന്‍ മോഡല്‍ ആക്രമണത്തില്‍. ക്ഷേത്രം തകര്‍ത്ത അക്രമികള്‍ വീടുകള്‍ക്കും കടകള്‍ക്കും നേരെ വ്യാപക ആക്രമണം അഴിച്ചുവിട്ടു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ട് ദിവസത്തോളം സംഭവം മറച്ചുവച്ച മാധ്യമങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വിഷയം ചര്‍ച്ചയായതോടെയാണ് വാര്‍ത്തകള്‍ നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
മുഹമ്മദ്, സഞ്ജീവ് കുമാര്‍ എന്നിവര്‍ തമ്മില്‍ പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് തുടക്കം. ഇതിന് പിന്നാലെ ഒരു സംഘം മുസ്ലിങ്ങളെത്തി പ്രകോപനമുണ്ടാക്കാന്‍ ക്ഷേത്രത്തിന് മുന്നിലിരുന്ന് മദ്യപിച്ചു. ഇത് ചോദ്യം ചെയ്തതോടെയാണ് നൂറ് വര്‍ഷത്തോളം പഴക്കമുള്ള ദുര്‍ഗാ മന്ദിര്‍ ആക്രമിച്ചത്. വിഗ്രഹങ്ങള്‍ തകര്‍ത്തു. സഞ്ജീവ് കുമാറിന്റെ വീട് അടിച്ചുതകര്‍ക്കുകയും ഭാര്യയെയും പ്രായമായ അമ്മയെയും മര്‍ദ്ദിക്കുകയും ചെയ്തു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അര്‍ദ്ധസൈനികരെ ഉള്‍പ്പെടെ ആയിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു.
ഭീതിയൊഴിയാതെ ലാല്‍ കുവാന്‍
അക്രമം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും ഭീതിയുടെ നിഴലിലാണ് ലാല്‍ കുവാനിലെ ഹിന്ദുക്കള്‍. ദല്‍ഹിയിലെ ഏറ്റവും പിന്നാക്ക മേഖലയാണിത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ ഏതാനും ഹിന്ദു വീടുകള്‍ മാത്രമാണുള്ളത്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ അക്രമം നടക്കാറുണ്ടെന്ന് പ്രദേശവാസിയായ താരാചന്ദ് ‘ജന്മഭൂമി’യോട് പറഞ്ഞു. വാക്കുതര്‍ക്കങ്ങളും പ്രാദേശിക പ്രശ്നങ്ങളും മതപരമായ അക്രമങ്ങളിലെത്തും. മുസ്ലിങ്ങളാണ് മകനെ തട്ടിക്കൊണ്ടുപോയതെന്നും പോലീസില്‍ പരാതിപ്പെട്ടെന്നും മാതാപിതാക്കളായ മൂനയും ബണ്ടി സക്സേനയും പ്രതികരിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
ക്ഷേത്രത്തിന് മുന്നില്‍ വിഎച്ച്പി പ്രതിഷേധം സംഘടിപ്പിച്ചു. ജയ് ശ്രീരാം വിളികള്‍ ഉയര്‍ത്തി നൂറ് കണക്കിനാളുകള്‍ പരിപാടിയില്‍ സംബന്ധിച്ചു. വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ സംസാരിച്ചു. കേന്ദ്ര മന്ത്രിയും സ്ഥലം എംപിയുമായ ഡോ.ഹര്‍ഷവര്‍ദ്ധന്‍ പ്രദേശം സന്ദര്‍ശിച്ചു. ഒരിക്കലും മറക്കാന്‍ പറ്റുന്ന കാര്യമല്ല അക്രമികള്‍ ചെയ്തതെന്നും സമാധാനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, രാജ്യത്ത് മുസ്ലിങ്ങളെ വേട്ടയാടുകയാണെന്ന് വ്യാജ പ്രചാരണം നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യതലസ്ഥാനത്ത് നടന്ന സംഭവം അറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ല. ജയ് ശ്രീറാം വിളിക്കാത്തതിന് ആക്രമിച്ചുവെന്ന വ്യാജ വാര്‍ത്ത ചുട്ടെടുക്കുന്ന മാധ്യമങ്ങളും വിഷയത്തില്‍ മൗനത്തിലാണ്.
















