അതികായന്റേയും ത്രിശിരസ്സിന്റേയും വിയോഗം രാവണനെ തളര്‍ത്തി. യുദ്ധഭൂമിയില്‍ ഇനി തന്റെ ഊഴമാകട്ടെയെന്ന് രാവണന്‍ തീരുമാനിച്ചു. അക്കാര്യം രാവണന്‍ എല്ലാവരേയുംഅറിയിച്ചു.
അതുകേട്ട മേഘനാദന്‍ പിതാവിനെ വിലക്കി. ‘മൂത്തപുത്രനായ ഞാന്‍ ജീവിച്ചിരിക്കേ അങ്ങെന്തിന് സങ്കടപ്പെടണം? അങ്ങ് യുദ്ധത്തിന് ഇറങ്ങേണ്ടതില്ല. ശത്രുക്കളെ നിശ്ശേഷം നശിപ്പിക്കാന്‍ ഞാന്‍ തന്നെ ധാരാളം. അങ്ങ് ഇവിടെ അമ്മമാരെ ആശ്വസിപ്പിച്ച് വിശ്രമിക്കുക.’
പിറ്റേന്ന് പിതാവിന്റെ അനുമതിയോടെ, സര്‍വസൈന്യസന്നാഹങ്ങളുമായി മേഘനാദന്‍ യുദ്ധത്തിനിറങ്ങി. മഹാഡംബരപൂര്‍വം യുദ്ധഭൂമിയിലെത്തിയ വീരയോദ്ധാവിനെ ലക്ഷ്മണന്‍ അത്ഭുതത്തോടെ നോക്കി. ആരാണീ മഹാവീരനെന്നും അേേദ്ദഹത്തിനൊപ്പം വന്ന യോദ്ധാക്കള്‍ ആരെല്ലാം എന്നും വിഭീഷണനോട് ആരാഞ്ഞു. അതെല്ലാം ക്രമാനുഗതമായി വിഭീഷണന്‍ വിശദീകരിച്ചു.
‘ സര്‍വം നിസ്സാരമെന്ന ഭാവത്തോടു കൂടിയിരിക്കുന്ന വീരയോദ്ധാവാണ് രാവണന്റെ പ്രഥമപുത്രനായ മേഘനാദന്‍. വില്ലാളി വീരന്മാരില്‍ അഗ്രഗണ്യന്‍. ദിവ്യാസ്ത്രധരന്മാരില്‍ ഒന്നാമന്‍. ഒട്ടേറെ ശ്രേഷ്ഠവരങ്ങള്‍ സ്വന്തമാക്കിയവന്‍. മായാവികളിലും മുന്‍നിരക്കാരന്‍. കാനീനന്‍, രാവണി, മായാവി, ഇന്ദ്രജിത്ത് എന്നൊക്കെയാണ് അവന്റെ അപരനാമങ്ങള്‍. പാലാഴിമഥനകാലത്ത് ഉത്ഭവിച്ച സുലക്ഷ്ണയെന്ന സുന്ദരകന്യക പാര്‍വതിയുടെ പരിചാരികയായിരുന്നു. ഒരിക്കല്‍ അവളെ വാമദേവന്‍ ഏകാന്തതയില്‍ പരിഗ്രഹിക്കാനിടയായി. ആശങ്കാകുലയായി തീര്‍ന്ന കന്യകയെ പരമശിവന്‍ ആശ്വസിപ്പിച്ചു.
(തുടരും)
















