ബെര്‍മിങ്ഹാം: ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയുടെ റെക്കോഡിനൊപ്പം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഇന്ന് നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ശതകം നേടിയാണ് രോഹിത് റെക്കോഡിനൊപ്പമെത്തിയത്. ഈ ലോകകപ്പില്‍ രോഹിതിന്റെ നാലാം സെഞ്ചുറിയായിരുന്നു ഇത്. 2015ലെ ലോകകപ്പിലായിരുന്നു സംഗക്കാരുടെ നാല് സെഞ്ചുറികള്‍. കൂടാതെ മൂന്ന് സെഞ്ചുറി നേടിയ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ പിന്തള്ളി ഒന്നാമനാവാനും രോഹിതിന് കഴിഞ്ഞു.
ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്ക് എതിരെയായിരുന്നു രോഹിതിന്റെ ഈ ലോകകപ്പിലെ മറ്റ് സെഞ്ചുറികള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (122), പാക്കിസ്ഥാനെതിരെ (140), ഇംഗ്ലണ്ടിനെതിരെ (102) എന്നിങ്ങനെയാണ് രോഹിതിന്റെ ഈ ലോകകപ്പിലെ സെഞ്ചുറികള്‍.
ലോകകപ്പില്‍ രോഹിത് ശര്‍മയുടെ ആകെ സെഞ്ചുറികളുടെ എണ്ണം അഞ്ചായി. ഇതോടെ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിനും സംഗക്കാരുക്കുമൊപ്പം എത്താനും രോഹിത്തിനായി. ലോകകപ്പില്‍ വെറും 15 മത്സരങ്ങളില്‍ നിന്നാണ് രോഹിത് അഞ്ച് സെഞ്ചുറികള്‍ നേടിയത്. അതേസമയം സംഗക്കാര 37ഉം റിക്കി പോണ്ടിങ്ങ് 47ഉം മത്സരങ്ങളില്‍ നിന്നാണ് അഞ്ച് സെഞ്ചുറി നേട്ടം സ്വന്തമാക്കിയത്. 6 സെഞ്ചുറികള്‍ നേടിയ സച്ചിനാണ് ഈ പട്ടികയില്‍ ഒന്നാമന്‍. 44 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടം കൈവരിച്ചത്.
കൂടാതെ ബംഗ്ലാദേശിനെതിരെ ഐസിസി ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണ് രോഹിത് കുറിച്ചത്. 2015ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ (137) 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ (പുറത്താകാതെ 123)ഉം നേടിയിരുന്നു. അതിന് തുടര്‍ച്ചയായാണ് ഈ ശതകം. 213-ാം ഏകദിനം കളിക്കാനിറങ്ങിയ രോഹിത് കരിയറിലെ 26-ാം സെഞ്ചുറിയും തികച്ചു. വ്യക്തിഗത സ്‌കോര്‍ ഒന്‍പതില്‍ നില്‍ക്കെ മുസ്താഫിസുര്‍ റഹ്മാന്റെ പന്തില്‍ രോഹിത്തിനെ തമിം ഇക്ബാല്‍ കൈവിട്ടിരുന്നു. ജീവന്‍ വീണുകിട്ടിയ രോഹിത് 92 പന്തില്‍ 7 ഫോറും അഞ്ച് സിക്‌സറുമടക്കം 104 റണ്‍സെടുത്താണ് മടങ്ങിയത്.
ഈ പ്രകടനത്തോടെ രോഹിത് ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടിയ താരവുമായി. 7 ഇന്നിങ്‌സില്‍ നിന്ന് 544 റണ്‍സാണ് രോഹിതിന്റെ അക്കൗണ്ടിലുള്ളത്. എട്ട് ഇന്നിങ്‌സില്‍ നിന്ന് 516 റണ്‍സ് നേടിയ ഓസീസ് താരം ഡേവിഡ് വാര്‍ണറെയാണ് രോഹിത് പിന്തള്ളിയത്. കൂടാതെ ഒരു ലോകകപ്പില്‍ 500-ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവുമായി രോഹിത്. മുന്‍പ് രണ്ട് തവണ സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു.
മറ്റൊരു റെക്കോഡും രോഹിത് ശര്‍മ സ്വന്തം പേരിലാക്കി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളടിച്ച താരമെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരെ അഞ്ചെണ്ണം നേടിയതോടെ രോഹിതിന്റെ ഏകദിന സിക്‌സറുകള്‍ 230 ആയി. 228 എണ്ണം നേടിയ മഹേന്ദ്ര സിങ് ധോണിയെയാണ് രോഹിത് മറികടന്നത്. എന്നാല്‍ കൂടുതല്‍ ഏകദിന സിക്സുകള്‍ നേടിയ താരങ്ങളില്‍ നാലാം സ്ഥാനത്താണ് രോഹിത് ശര്‍മ. പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രിദിയാണ് 351 സിക്സുകളുമായി ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് വിന്‍ഡീസ് താരം ക്രിസ് ഗെയ്ലും (326), മൂന്നാം സ്ഥാനത്ത് ലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയുമാണ് (270).
















