ബെര്‍മിങ്ഹാം: തോറ്റു കൊടുത്തെന്ന് ചിലര്‍, സ്വാഭാവിക തോല്‍വിയെന്ന് മറ്റുചിലര്‍… എന്തായാലും ഇങ്ങനെയൊക്കെ തോല്‍ക്കാമോ?
തോല്‍വിയറിയാതെ സെമിയെന്ന മോഹം മറക്കാം. ഇന്ന് ബംഗ്ലാദേശിനെ തകര്‍ത്ത് അനായാസം മുന്നേറുമെന്നും പ്രതീക്ഷിക്കാം. അയല്‍ക്കാരെ എളുപ്പത്തില്‍ കീഴടക്കാമെന്ന അതിമോഹം എന്തായാലും വിരാടിനും കൂട്ടര്‍ക്കും വേണ്ട. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ വിറപ്പിച്ച, കരുത്തരായ (ഇത്തവണ കളത്തില്‍ അതു കണ്ടില്ലെങ്കിലും) ദക്ഷിണാഫ്രിക്കയെ തകര്‍ത്ത ബംഗ്ലകടുവകളെ സൂക്ഷിച്ചേ മതിയാകു.
അതിന്, കളിരീതി മാറ്റണം. ഇംഗ്ലണ്ടിനെതിരെ ടീം തെരഞ്ഞെടുപ്പ് പാളി. താരതമ്യേന ചെറിയ മൈതാനത്ത് രണ്ട് സ്പിന്നര്‍മാര്‍ക്കു പകരം മൂന്നു പേസറെ കളിപ്പിക്കാമായിരുന്നു. ജസ്പ്രീത് ബുംറയ്‌ക്കും മുഹമ്മദ് ഷമിക്കുമൊപ്പം ആരോഗ്യവാനെങ്കില്‍ ഭുവനേശ്വര്‍ കുമാറിനെ കളിപ്പിച്ചെങ്കില്‍ ചിലപ്പോള്‍ കളി മാറിയേനെ. പ്രത്യേകിച്ച് ജേസണ്‍ റോയ് തിരിച്ചെത്തിയ മത്സരത്തില്‍. ജേസണ്‍ ഇല്ലാതിരുന്ന കളിയിലാണ് ഇംഗ്ലണ്ടിന് കാര്യങ്ങള്‍ കൈവിട്ടതെന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഓര്‍ത്തില്ലെന്നു തോന്നുന്നു.
മികച്ച ഫോമിലുള്ള മൂന്നു പേസര്‍മാരും ഹാര്‍ദിക് പാണ്ഡ്യയും ഒരു സ്പിന്നറുമായാല്‍ കളി കൈയിലാകും. പാര്‍ട്ട്‌ടൈം സ്പിന്നര്‍ കേദാര്‍ ജാദവിനെയും ഉപയോഗിക്കാം. ബംഗ്ലാദേശിനെതിരെ ഇങ്ങനെയൊരു പരീക്ഷണത്തിനുള്ള സാധ്യതയെക്കുറിച്ചൊന്നും കേള്‍ക്കുന്നില്ല. പക്ഷെ, അതാണ് വേണ്ടത്. പ്രത്യേകിച്ച് ബാറ്റിങ് നിര പലപ്പോഴും നിരാശപ്പെടുത്തുമ്പോള്‍. വിരാടും രോഹിതും ഒഴിച്ചാല്‍ ആരിലും കാര്യമായി വിശ്വാസമര്‍പ്പിക്കാനുമാകുന്നില്ല. മുന്‍ ലോകകപ്പുകളില്‍ ബാറ്റിങ് കരുത്തില്‍ കളിച്ച ടീമിന് ഇത്തവണ ബൗളിങ് വൈവിധ്യം വിനിയോഗിക്കാം. ആറോ ഏഴോ ബൗളര്‍മാര്‍ കളിച്ചാല്‍ കളി ജയിക്കുമെങ്കില്‍ അതല്ലേ വേണ്ടത്.
ഇംഗ്ലണ്ടിനെതിരെ പൊരുതാതെയാണ് ഇന്ത്യ തോറ്റത്. ബാറ്റ്‌സ്മാന്മാര്‍ക്ക് അവസരത്തിനൊത്ത് റണ്‍റേറ്റ് ഉയര്‍ത്താന്‍ കഴിയാതിരുന്നത് തിരിച്ചടിയായി. തോല്‍വി 31 റണ്‍സിന്. സ്‌കോര്‍: ഇംഗ്ലണ്ട് 7ന് 337. ഇന്ത്യ 5ന് 306.
രോഹിത് ശര്‍മയുടെ സെഞ്ചുറിയും (109 പന്തില്‍ 102) വിരാടിന്റെ അര്‍ധശതകവും (76 പന്തില്‍ 66) പാഴായി. ഓപ്പണര്‍ കെ.എല്‍. രാഹുല്‍ പൂജ്യത്തിന് പുറത്തായതും ഇന്ത്യക്ക് തിരിച്ചടിയായി. നാലാം നമ്പറില്‍ അരങ്ങേറ്റം കുറിച്ച ഋഷഭ് പന്തിനും ശോഭിക്കാനായില്ല. അരങ്ങേറ്റക്കാരന്റെ പരിഭ്രമമെന്നു കരുതാം. 29 പന്തില്‍ 32 റണ്‍സെടുക്കാനെ പന്തിന് കഴിഞ്ഞുള്ളൂ. പിന്നീട് 33 പന്തില്‍ 45 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ ഭേദപ്പെട്ട പ്രകടനം നടത്തി. മികച്ച ഫിനിഷര്‍ എന്നറിയപ്പെടുന്ന മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റും ബൗണ്ടറികളും സിക്‌സറുകളും വര്‍ഷിക്കാതിരുന്നതോടെ (31 പന്തില്‍ നിന്ന് 42) ഇന്ത്യ അനിവാര്യമായ പരാജയം ഏറ്റുവാങ്ങി. ജയിച്ചാലേ സെമിസാധ്യത നിലനിര്‍ത്താനാവൂയെന്നതിനാല്‍ അതിനുള്ള പോരാട്ടവീര്യം അവര്‍ പുറത്തെടുത്തു.
















