ബെലോ ഹൊറിസോണ്‍ടെ: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന ഹെവിവോള്‍ട്ട് പോരാട്ടം നാളെ. ബുധനാഴ്ച രാവിലെ ഇന്ത്യന്‍ സമയം ആറിന് കോപ്പ അമേരിക്കയുടെ സെമിഫൈനലില്‍ ബ്രസീല്‍-അര്‍ജന്റീന പോരാട്ടം.
ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാഗ്വെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് വരുന്നത്. അതേസമയം അര്‍ജന്റീന വെനസ്വേലയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കുശേഷവും. ഗ്രൂപ്പ് ഘട്ടത്തില്‍ തപ്പിത്തടഞ്ഞ് ക്വാര്‍ട്ടറില്‍ കടന്ന അര്‍ജന്റീന അവസാന എട്ട് പോരാട്ടത്തില്‍ മികച്ച ഫോമിലായിരുന്നു. ക്വാര്‍ട്ടര്‍ ഷൂട്ടൗട്ടിലേക്ക് നീളാതെ വിജയിച്ച ഏക ടീമും മെസ്സിപ്പട തന്നെ. എന്നാല്‍ മെസ്സിക്ക് ടൂര്‍ണമെന്റിലെ നാല് കളികളില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് നേടാനായത്. അതും പരാഗ്വെയ്‌ക്കെതിരെ പെനാല്‍റ്റിയിലൂടെ. ഈ ടൂര്‍ണമെന്റില്‍ കൊളംബിയയോട് 2-0ന് തോറ്റാണ് അര്‍ജന്റീന തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ പരാഗ്വെയെ 1-1ന് സമനില പിടിച്ച അവര്‍ അവസാന മത്സരത്തില്‍ ഖത്തറിനെ 2-0ത്തിന് കീഴടക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്. നാളെ ബ്രസീലിനെ തോല്‍പ്പിച്ച് തുടര്‍ച്ചയായ മൂന്നാം ഫൈനലാണ് മെസ്സിയും കൂട്ടരും ലക്ഷ്യമിടുന്നത്. കഴിഞ്ഞ 2015, 16 ടൂര്‍ണമെന്റുകളില്‍ ഫൈനലില്‍ കളിച്ചെങ്കിലും ചിലിയോട് തോറ്റു.
അതേസമയം ബ്രസീല്‍ ആദ്യ കളിയില്‍ ബൊളീവിയയെ 3-0ന് തോല്‍പ്പിച്ചു. രണ്ടാം കളിയില്‍ വെനസ്വേലയോട് ഗോള്‍രഹിത സമനില. എന്നാല്‍ അവസാന മത്സരത്തില്‍ പെറുവിനെ അഞ്ച് ഗോളുകള്‍ക്ക് മുക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച ടീമും ബ്രസീലാണ്. എട്ടെണ്ണം. ഒരെണ്ണം പോലും വഴങ്ങിയതുമില്ല. ഫിലിപ്പെ കുടീഞ്ഞോ, എവര്‍ട്ടണ്‍ തുടങ്ങിയവരുടെ ഗോളടിയിലാണ് ബ്രസീലിന്റെ പ്രതീക്ഷ. ഇരുവരും രണ്ട് ഗോളുകള്‍ വീതം നേടിയിട്ടുണ്ട്. ബ്രസീലാകട്ടെ ഇത്തവണ 12 വര്‍ഷത്തിനുശേഷം ഫൈനല്‍ ലക്ഷ്യമിടുന്നു. മാത്രമല്ല 2007നുശേഷം ബ്രസീല്‍ ആദ്യമായാണ് ഇത്തവണ സെമിയില്‍ എത്തുന്നതും.
നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയും ബ്രസീലും മുഖാമുഖം വരുന്നത്. വെനസ്വേല ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിന്റെ ഫൈനലിലായിരുന്നു ക്ലാസ്സിക്ക് പോരാട്ടം അരങ്ങേറിയത്. ഫൈനലില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍ കിരീടം നേടുകയും ചെയ്തു. ബാപ്റ്റിസ്റ്റ, റോബര്‍ട്ടൊ അയാള (സെല്‍ഫ് ഗോള്‍), ഡാനി ആല്‍വ്സ് എന്നിവരാണ് ഗോള്‍നേടിയത്.
ലോക ഫുട്‌ബോളിലെ ഈ രണ്ട് കരുത്തര്‍ ആകെ ആകെ 110 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. ഇതില്‍ 45 തവണ ബ്രസീല്‍ വിജയിച്ചപ്പോള്‍ അര്‍ജന്റീന 39 വിജയം നേടി. 36 മത്സരം സമനിലയായി. ലോകകപ്പില്‍ രണ്ടെണ്ണത്തില്‍ അര്‍ജന്റീന വിജയിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളിലാണ് ബ്രസീല്‍ വിജയം നേടിയത്. എന്നാല്‍ കോപ്പയില്‍ വിജയം കൂടുതല്‍ അര്‍ജന്റീനക്കാണ്, 14. എട്ടെണ്ണത്തില്‍ മാത്രമേ ബ്രസീലിന് വിജയിക്കാനായുള്ളു.
















