പോര്‍ട്ടോ അലിഗ്രി (ബ്രസീല്‍): മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിധിയെഴുതിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് പരാഗ്വെയെ പരാജയപ്പെടുത്തി. ആവേശഭരിതമായ ഷൂട്ടൗട്ടില്‍ ഗബ്രീയേല്‍ ജീസസാണ് വിജയഗോള്‍ കുറിച്ചത്. നിശ്ചിത സമയത്ത്് ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചു.
ബ്രസീലിന് മധുപ്രതികാരമായി ഈ വിജയം. 2011, 2015 വര്‍ഷങ്ങളില്‍ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ പരാഗ്വെ ഷൂട്ടൗട്ടിലൂടെ ബ്രസീലിനെ അട്ടിമറിച്ചിരുന്നു.നിശ്ചിത സമയത്ത് തന്നെ ബ്രസീലിന് വിജയം നേടാന്‍ അവസരം ലഭിച്ചതാണ്. പക്ഷെ ബ്രസീല്‍ താരം വില്ലിയന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു.
ഷൂട്ടൗട്ടില്‍ പരാഗ്വെയുടെ ഗുസ്റ്റാവോ ഗോമസെടുത്ത ആദ്യ കിക്ക് ബ്രസീല്‍ ഗോളി അലിസണ്‍ രക്ഷപ്പെടുത്തി. ബ്രസീലിന്റെ ഫിര്‍മിനോയും പരാഗ്വെയുടെ ഡെര്‍ലിസ് ഗോണ്‍സാലസും കിക്ക് നഷ്ടപ്പെടുത്തി. തുടര്‍ന്ന്് ജീസസ് നിര്‍ണായ കിക്ക് ഗോളാക്കി ബ്രസീലിന് വിജയം സമ്മാനിച്ചു.അര്‍ജന്റീന- വെസ്വേല ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയികളെയാണ് ബ്രസീല്‍ സെമിയില്‍ നേരിടുക. ചൊവ്വാഴ്ച ബെലോ ഹൊറിസോന്റെയിലാണ് സെമിഫൈനല്‍.
ഇന്ന് നടക്കുന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വെ പെറുവിനെ നേരിടും. രാത്രി 12.30 നാണ് മത്സരം.
















