ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് രണ്ട് നിര്‍ണായക മത്സരങ്ങള്‍ അരങ്ങേറും. ലീഡ്‌സില്‍ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനം ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിന് കളി തുടങ്ങും. രണ്ടാം മത്സരം ലോര്‍ഡ്‌സിലാണ്. ന്യൂസിലന്‍ഡും ഓസീസുമാണ് പോരാളികള്‍. മത്സരം വൈകിട്ട് ആറിന് തുടങ്ങും.
പാക്കിസ്ഥാനും ന്യൂസിലന്‍ഡിനും ഇന്നത്തെ മത്സരങ്ങള്‍ നിര്‍ണായകമാണ്. സെമിയില്‍ കടക്കാന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. അതേസമയം ഇന്ത്യയോട് മാത്രം തോറ്റ ഓസീസ് സെമിഫൈനല്‍ ഉറപ്പാക്കിക്കഴിഞ്ഞു.
ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളെ തോല്‍പ്പിച്ചതോടെയാണ് പാക്കിസ്ഥാന്റെ സെമി സാധ്യത സജീവമായത്. അഫ്ഗാനെയും അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെയും മറികടന്നാല്‍ പാക്കിസ്ഥാന് സെമിയിലേത്താനുള്ള സാധ്യത വര്‍ധിക്കും.
ഇന്ത്യയെ വിറപ്പിച്ച ടീമാണ് അഫ്ഗാനിസ്ഥാന്‍. പാക്കിസ്ഥാനെതിരെയും അവര്‍ മികവ് കാട്ടുമെന്നാണ് പ്രതീക്ഷ. കളിച്ച ഏഴു മത്സരങ്ങളും തോറ്റ അവര്‍ ലോകകപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു.
ഏഴു മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റുള്ള ന്യുസിലന്‍ഡിന് അവസാന രണ്ട് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ വിജയിച്ചാല്‍ സെമി ഉറപ്പാകും. ഇന്ന് ഓസീസിനെ മറികടന്നാല്‍ അവര്‍ സെമിയിലെത്തും. അവസാന മത്സരത്തില്‍ അവര്‍ ജൂലൈ മൂന്നിന് ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും.
2015 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡും ഓസീസും ഏറ്റുമുട്ടി. അന്ന് പക്ഷെ വിജയം ഓസീസിനൊപ്പമായിരുന്നു. പക വീട്ടാനുളള ഒരുക്കത്തിലാണ് കിവിസ്. ഇതുവരെ കളിച്ച മത്സരങ്ങളില്‍ ഇന്ത്യയോട് മാത്രം തോറ്റ ഓസ്‌ട്രേലിയ മികച്ച ഫോമിലാണ്. ഏഴു മത്സരങ്ങളില്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഓസ്‌ട്രേലിയ.
















