ന്യൂദല്‍ഹി: ബാങ്ക് പരീക്ഷകള്‍ പ്രാദേശിക ഭാഷയിലും നടത്തണമെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. പാര്‍ലമെന്റിലെ ശൂന്യവേളയില്‍ കര്‍ണാടകയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി ജി.സി. ചന്ദ്രശേഖര്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
ബാങ്കിങ് മേഖലയിലെ ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യം മാനിച്ച് ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ പ്രാദേശിക ഭാഷയിലും ചോദ്യങ്ങള്‍ നല്‍കണമെന്നായിരുന്നു ചന്ദ്രശേഖറിന്റെ ആവശ്യം.
തമിഴ്‌നാട് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അംഗങ്ങള്‍ ചന്ദ്രശേഖറിന്റെ ഈ ആവശ്യത്തെ പിന്തുണച്ചു. കന്നഡ ഭാഷയിലാണ് ചന്ദ്രശേഖര്‍ ആവശ്യം ഉന്നയിച്ചത്. ഇത് പിന്നീട് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പരിഭാഷപ്പെടുത്തുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് സഭയില്‍ മാതൃഭാഷയില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്ന അംഗങ്ങള്‍ നേരത്തേ അറിയിച്ചാല്‍ തത്സമയ തര്‍ജമയ്‌ക്ക് സൗകര്യം ചെയ്യാമെന്ന് വെങ്കയ്യ നായിഡു അറിയിച്ചു.
















