കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായിയോട് നഗരസഭാ സെക്രട്ടറി ആവശ്യപ്പെട്ടത് 27 ലക്ഷം രൂപ. നഗരസഭ അധ്യക്ഷ പി കെ ശ്യാമളയക്ക് 25 ലക്ഷവും രണ്ടു ലക്ഷം തനിക്കും നല്‍കിയാല്‍ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാമെന്ന് സെക്രട്ടറി എം.കെ. ഗിരീഷ് പറഞ്ഞിരുന്നതിന് പോലീസിന് തെളിവു ലഭിച്ചു. ആത്മഹത്യ ചെയ്ത വ്യവസായി സാജന്റെ ഡയറി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണ കാര്യങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡയറിയില്‍ നാലു പേജുള്ള കുറിപ്പ് ഉണ്ടായിരുന്നു. നഗരസഭാ ഉദ്യോഗസ്ഥരുടെ പീഡനങ്ങളെക്കുറിച്ചും ആവശ്യപ്പെട്ട പണത്തെക്കുറിച്ചും സൂചനയുണ്ട്. ചോദ്യം ചെയ്യലില്‍ നഗരസഭാ സെക്രട്ടറി പോലീസിനോട് കൈക്കൂലി ആവശ്യപ്പെട്ട കാര്യം സമ്മതിക്കുകയും ചെയ്തു.
കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ സെക്രട്ടറി ഒറ്റക്ക് പരിശോധന നടത്തിയത് ദുരുദ്ദേശത്തോടെയായിരുന്നു എന്നും പോലീിന് വ്യക്തമായിട്ടുണ്ട്. സാധാരണ നഗരസഭ എഞ്ചിനീയര്‍ പരിശോധിച്ച് റിപ്പോര്‍ട്ടു നല്‍കുകയോ , ആവശ്യമെങ്കില്‍ എഞ്ചീനീയറെക്കുടി കൂട്ടി സെക്രട്ടറി പരിശോധന നടത്തുകയോ ചെയ്യുന്നതാണ് പതിവ്. ഇവിടെ അതുണ്ടായില്ല. മാത്രമല്ല എഞ്ചിനീയര്‍ നിര്‍മ്മാണത്തിലെ ചെറിയ പാകപ്പിഴ മാറ്റി ലൈസന്‍സ് നല്‍കാന്‍ നേരത്ത നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
സെക്രട്ടറി ചോദിച്ച 25 ലക്ഷം പാര്‍ട്ടിക്കു വേണ്ടി ആയിരുന്നില്ല ,മറിച്ച് പി കെ ശ്യാമളയക്ക് സ്വന്തമായി എടുക്കാനായിരുന്നു എന്നുമാണ് സൂചന. നഗരസഭാ ഉപാധ്യക്ഷനും കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചിരിക്കുന്ന വാര്‍ഡിലെ കൗണ്‍സിലറുമായ സിപിഎം നേതാവ് ഷാജു പോലും അറിയാതെയായിരുന്നു ഇടപാട്.ു, ചട്ടലംഘനങ്ങളുണ്ടെങ്കില്‍ അവ തിരുത്തി എത്രയും വേഗം കണ്‍വന്‍ഷന്‍ സെന്റര്‍ തുടങ്ങണമെന്ന നിലപാടിലായിരുന്നു ഷാജു. പുതിയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ സന്ന്ദധത പ്രകടിപ്പിച്ചിരിക്കുകയാണ് ഷാജു.
പ്രവാസിയുടെ ആത്മഹത്യയുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും താന്‍ വഴിവിട്ടൊന്നും ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറി മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയെങ്കിലും ഹൈക്കോടതി സ്വീകരിച്ചില്ല.
















