ന്യൂദല്‍ഹി : ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യ ടീം ഓറഞ്ച് ജേഴ്സി ധരിക്കുന്നതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരെന്ന് വിചിത്ര ആരോപണവുമായി കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍. നിലവില്‍ നീലയാണ് ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയുടെ നിറം. എല്ലാ ടീമുകള്‍ക്കും രണ്ടു ജഴ്സി വേണമെന്ന ഐസിസിയുടെ പുതിയ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ത്യ ഓറഞ്ച് നിറത്തിലുള്ളത് തെരഞ്ഞെടുത്തത്.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഓറഞ്ച് നിറം തെരഞ്ഞെടുത്തതെന്നാണ് മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ നസീം ഖാന്‍, സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു അസിം അസ്മി എന്നിവര്‍ ആരോപിക്കുന്നത്. രാജ്യത്തെ കാവിവത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നും അബു അസിം അസ്മി ആരോപിച്ചു. ഇന്ത്യയുടെ ത്രിവര്‍ണ്ണത്തില്‍ നിന്ന് എന്ത് കൊണ്ടാണ് ഓറഞ്ച് മാത്രം തിരഞ്ഞെടുത്തതെന്നും അദ്ദേഹം ചോദിച്ചു.
മോദി സര്‍ക്കാര്‍ കാവി രാഷ്‌ട്രീയം കളിക്കുന്നതിന്റെ ഭാഗമാണിതെന്ന് കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ നസീം ഖാന്‍ പറഞ്ഞു. ത്രിവര്‍ണ്ണത്തെ ബഹുമാനിക്കുകയും രാഷ്‌ട്ര ഐക്യത്തെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു വേണ്ടതെന്നും ഖാന്‍ അറിയിച്ചു.
ഈ മാസം മുപ്പതിന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിലാണ് ഇന്ത്യന്‍ ടീം ഓറഞ്ച് ജേഴ്സി അണിയുന്നത്. ഇംഗ്ലണ്ടും ഇന്ത്യയും നിലവില്‍ നീല ജേഴ്സിയണിഞ്ഞാണ് കളിക്കുന്നത്. ഇരു ടീമുകളും ഒരുമിച്ച് കളിക്കുമ്പോള്‍ ഒരു ടീം രണ്ടാം ജേഴ്സി അണിയേണ്ടതുണ്ട്. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇംഗ്ലണ്ട് അവരുടെ ഒന്നാം ജേഴ്സിയില്‍ തന്നെ ഇറങ്ങും.
















