ന്യൂദല്‍ഹി : ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. ജപ്പാനിലെ ഒസാക്കയില്‍ വെച്ചാണ് ഉച്ചകോടി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കളുമായി നരേന്ദ്ര മോദി ജപ്പാനില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. 2022-ല്‍ ഇന്ത്യയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ ഇന്ത്യയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തിയ പശ്ചാത്തലത്തില്‍ ട്രംപ്-മോദി കൂടിക്കാഴ്ച കൂടുതല്‍ പ്രാധാന്യമുള്ളതാണ്. നരേന്ദ്ര മോദിയുമായി ആദ്യം കൂടിക്കാഴ്ച നടത്തിയ പോംപെയോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവല്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായും പ്രത്യേകം ചര്‍ച്ച നടത്തി.
വ്യവസായം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലാണ് ബുധനാഴ്ച ചര്‍ച്ച നടന്നത്. സ്ത്രീ ശാക്തീകരണം, സാങ്കേതികവിദ്യ, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കല്‍ എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന അജണ്ട.
















