കഴിഞ്ഞത് കഴിഞ്ഞു. ഇനി അതുമാലോചിച്ചിരുന്നാല്‍ കാര്യം കൈവിടും. അഫ്ഗാനിസ്ഥാനില്‍ നിന്ന് കിട്ടിയത് ഒരു ഷോക്കാണെന്നു കരുതിയാല്‍ മതി. ഇനിയും നാലു പേര്‍ കൂടി മുന്നില്‍ വരാനുണ്ട്.
ഇന്ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ്ട്രാഫോഡിലെ കളിത്തട്ടില്‍ വെസ്റ്റിന്‍ഡീസാണ് എത്തുക. 1983ലെ ജൂണ്‍ 25 ഓര്‍മയില്ലേ? ഇന്ത്യന്‍ ക്രിക്കറ്റിന്റെ കുതിപ്പിന് ശരവേഗം നല്‍കി, ലോക കീരീടം കൈയിലേന്തിയ കപിലിന്റെ ചെകുത്താന്മാര്‍ അന്ന് കീഴടക്കിയത് ഉഗ്രപ്രതാപികളായ വിന്‍ഡീസിനെയാണ്. ഇന്നത്തെ വിന്‍ഡീസിന് അത്രയൊന്നും കരുത്തില്ല.
പക്ഷെ, അവരെ കരുതണം. ക്രിസ് ഗെയ്‌ലിന്റെ ബാറ്റുകള്‍ ഏതു നിമിഷവും തീതുപ്പാം. ഷായ് ഹോപ്പ്, നിക്കോളസ് പൂരാന്‍, ഷിമോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ് എന്നിവരെയും സൂക്ഷിക്കണം. കിവികള്‍ക്കെതിരെ ബ്രാത്‌വെയ്റ്റിന്റെ സെഞ്ചുറി പോരാട്ടം കണ്ടതല്ലേ? ബൗളര്‍മാര്‍ അതിവേഗത്തില്‍ പന്തെറിയുന്നവരാണ്. ഷെല്‍ഡണ്‍ കോട്രെല്‍, ഒഷെയ്ന്‍ തോമസ്, കെമര്‍ റോച്ച്, ഹോള്‍ഡര്‍, ബ്രാത്‌വെയ്റ്റ് തുടങ്ങിയവരെല്ലാം പ്രശ്‌നക്കാരാണ്.
എന്താണ് നമ്മുടെ മധ്യനിരയ്‌ക്ക് പറ്റിയത്. ശിഖര്‍ പോയതോടെ എല്ലാം തകര്‍ന്നോ? നാലാം സ്ഥാനത്ത് വിജയ് ശങ്കര്‍ ഒട്ടുംപോര. ഓള്‍റൗണ്ടറാണെങ്കിലും കഴിഞ്ഞ കളിയില്‍ പന്തെറിയാന്‍ പോലും താങ്കള്‍ വിളിച്ചില്ല. ഫീല്‍ഡിങ്ങും ശരാശരി.
അങ്ങനെയെങ്കില്‍ ഒരു ബാറ്റ്‌സ്മാനെ കളിപ്പിക്കുന്നതല്ലേ നല്ലത്. ആക്രമിക്കാന്‍ കെല്‍പ്പുള്ള ഋഷഭ് പന്തിനെ പരീക്ഷിക്കു. അതു പറ്റിയില്ലെങ്കില്‍ ദിനേശ് കാര്‍ത്തിക്കുമുണ്ടല്ലോ? ഋഷഭിനെ ഓപ്പണറാക്കി, രാഹുലിനെ നാലാം സ്ഥാനത്തേക്ക് കൊണ്ടുവരൂ. സച്ചിനും ജയസൂര്യയും സെവാഗുമെല്ലാം മധ്യനിരയില്‍ ദീര്‍ഘനാള്‍ കളിച്ച ശേഷമാണ് ഓപ്പണന്മാരായെത്തി ബൗളര്‍മാര്‍ക്ക് കാളരാത്രി സമ്മാനിച്ചത്.
മധ്യഓവറുകളില്‍ വലിയ അടികള്‍ക്ക് സാധിച്ചില്ലെങ്കിലും സ്‌ട്രൈക്ക് കൈമാറി റണ്‍ കണ്ടെത്തണം. മിന്നും തുടക്കം ലഭിച്ചാല്‍ അത് അനായാസമല്ലേ? തുടക്കം പാളിയാലും മധ്യഓവറുകളില്‍ പതുക്കെയെങ്കിലും റണ്‍റേറ്റ് ഉയര്‍ത്തണം. അഫ്ഗാനെതിരെ അവസാനം സമ്മര്‍ദമുണ്ടായത് കുറേ പന്തുകള്‍ വെറുതെ കളഞ്ഞതിനാലെന്ന് ഓര്‍ക്കണം. ധോണിയും കേദാറും കുറച്ചുകൂടി വേഗം റണ്‍ കണ്ടെത്തണം.
എന്തൊരു ഗംഭീര ബൗളിങ്ങാണ്. ഒരാളല്ലെങ്കില്‍ മറ്റൊരാള്‍. ആവശ്യം വരുമ്പോള്‍ വിക്കറ്റെടുക്കുന്ന, റണ്‍ നിയന്ത്രിക്കുന്ന ജസ്പ്രീതിനെ നമിക്കാം. ഭുവനേശ്വറിന് പകരമെത്തിയ ഷാമിയാകട്ടെ മിന്നി. അഫ്ഗാനെതിരായ അവസാന ഓവര്‍ സൂപ്പര്‍. ചഹലും, കുല്‍ദീപും പാണ്ഡ്യയും മധ്യഓവറുകളില്‍ അരങ്ങുവാഴുമ്പോള്‍ പിന്നെന്തു പേടിക്കാനാണ് വിരാട്.
തകര്‍ത്ത് മുന്നേറുക. വിന്‍ഡീസിനെ തോല്‍പ്പിച്ച് സെമിയിലേക്കുള്ള പാത സുഗമമാക്കൂ… ഇനി ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളാണെന്ന് ഓര്‍ക്കുക. ഇംഗ്ലണ്ട് പ്രതിസന്ധിയിലാണെങ്കിലും കൈമെയ് മറന്ന് പോരാടും. മറ്റുള്ളവര്‍ അയല്‍ക്കാരാണ്. നമ്മുടെ പാളിച്ചകള്‍ അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് അധികം റിസ്‌ക്കിന് പോകേണ്ട. ഈ ലോകകപ്പില്‍ പാക്കിസ്ഥാനെ അനായാസം മറികടന്ന മൈതാനത്താണ് ഇന്നത്തെ പോരാട്ടമെന്നും ഓര്‍മയിലിരിക്കട്ടെ. ഭാവുകങ്ങള്‍…
















