ന്യൂദല്‍ഹി: രഹസ്യാന്വേഷണ ഏജന്‍സികളായ റോ( റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങ്)യ്‌ക്കും ഐബി( ഇന്റലിജന്‍സ് ബ്യൂറോ)ക്കും പുതിയ മേധാവിമാര്‍. 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ബലാക്കോട്ടെ വ്യോമാക്രമണം എന്നിവ ആസൂത്രണം ചെയ്യുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ സാമന്ത് ഗോയലാണ് റോ മേധാവി. കശ്മീര്‍, നക്‌സല്‍ വിഷയങ്ങളില്‍ വിദഗ്ധന്‍ കൂടിയായ ഐപിഎസ് ഉദ്യോഗസ്ഥന്‍ അരവിന്ദ് കുമാറാണ് ഐബി മേധാവി.
പ്രധാനമ്രന്തി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമനങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തത്. ഇരുവരും 84 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരാണ്, നിലവില്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ളവരാണ്. പഞ്ചാബ് കേഡറില്‍ നിന്നാണ് സാമന്ത് ഗോയല്‍.
അരവിന്ദ് കുമാര്‍ ആസാം മേഘാലയ കേഡറില്‍ നിന്നും. സാമന്ത് റോയുടെ ഓപ്പറേഷന്‍സ് മേധാവിയായിരുന്നു. ഐബിയില്‍ കശ്മീര്‍ കാര്യ ചുമതലയുള്ള അരവിന്ദ് കുമാര്‍ നക്‌സല്‍ വിരുദ്ധ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിട്ടുണ്ട്. ഇരുവരും ഈ മാസവസാനം ചുമതലയേല്‍ക്കും.
















