ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്താന്‍ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ തുടരുമ്പോഴും രാജിതീരുമാനത്തിലുറച്ച് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റ് മന്ദിരത്തില്‍ സോണിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം രാഹുലിേനാട് തുടരാന്‍ അഭ്യര്‍ഥിച്ചു. യോഗത്തില്‍ പ്രസംഗിച്ചവരും ഈ ആവശ്യം ഉന്നയിച്ചു.
പാര്‍ട്ടി അധ്യക്ഷനായി തുടരണമെന്ന് എംപിമാരായ ശശി തരൂരും മനീഷ് തിവാരിയും അഭ്യര്‍ഥിച്ചു. രാഹുല്‍ രാജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍( എന്‍എസ്‌യു) കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രകടനം നടത്തി. നിങ്ങളില്ലെങ്കില്‍ ഒന്നുമില്ല, രാഹുല്‍ നിങ്ങളെ രാജ്യത്തിന് വേണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്‌ളക്കാര്‍ഡുകളുമായാണ് കുറേ എന്‍എസ്‌യുക്കാര്‍ പ്രകടനം നടത്തിയത്. പിന്നീട് ഇവര്‍ രാഹുലിനെ നേരിട്ടും കണ്ടും ഈ ആവശ്യം ഉന്നയിച്ചു. എന്നാല്‍ രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് താനെന്നാണ് രാഹുല്‍ പറയുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി നേരിട്ടതിനെത്തുടര്‍ന്നാണ് രാഹുല്‍ രാജി വച്ചത്. പകരം മറ്റൊരാളെ നിയമിക്കും വരെ തുടരുമെന്നും രാഹുല്‍ അറിയിച്ചിരുന്നു. താന്‍ രാജിയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ചില പ്രധാന തീരുമാനങ്ങള്‍ എടുത്തിരുന്നു. കര്‍ണ്ണാടക പിസിസിയും യുപിയിലെ കോണ്‍ഗ്രസ് ജില്ലാ ഘടകങ്ങളും പിരിച്ചുവിട്ടത് രാഹുലായിരുന്നു. അതിനാല്‍ രാഹുല്‍ രാജിപിവലിക്കമെന്നാഭ്യര്‍ഥിച്ച് നടത്തുന്ന നീക്കങ്ങള്‍ നാടകങ്ങളാണെന്നാണ് സംശയം.
















