ദിസ്പുര്‍: അസമിൽ അനധികൃതമായി കുടിയേറി താമസിച്ചിരുന്ന ഒരു ലക്ഷം ആളുകളെകൂടി പുറത്താക്കി. കഴിഞ്ഞവര്‍ഷത്തെ കരടുപട്ടിക സൂക്ഷമപരിശോധന നടത്തിയാണ് പുറത്താക്കല്‍ തീരുമാനം. പൗരത്വത്തിന് അവകാശവാദം ഉന്നയിക്കാന്‍ ജൂലൈ 11 വരെ പുറത്താക്കപ്പെട്ടവര്‍ക്ക് സമയം നല്‍കിയിട്ടുണ്ട്.
അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷം 3.28 കോടി പേരാണ് പൗരത്വത്തിനായി അപേക്ഷിച്ചത്.അതില്‍ 2.89 പേര്‍ മാത്രമാണ് അന്ന് കരട് പട്ടികയില്‍ ഇടംനേടിയിരുന്നത്. ആ കരട് പട്ടികയില്‍ ഇടം നേടിയവരില്‍ ഒരു ലക്ഷത്തോളം പേരാണ് വീണ്ടും നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പുറത്തായത്. അതേസമയം ദേശീയപ്രശ്‌നമായ പൗരത്വവിഷയം ന്യൂനപക്ഷ വിരുദ്ധ നടപടിയായി ചിത്രീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്.
കുടിയേറ്റങ്ങള്‍ക്കും നുഴഞ്ഞുകയറ്റത്തിനും പ്രധാനമായും വേദിയാകുന്നത് അതിര്‍ത്തി സംസ്ഥാനങ്ങളാണ്. അത്തരം പ്രതിഭാസത്തിന്റെ ഫലം ഏറ്റവുമധികം അനുഭവിച്ച സംസ്ഥാനമാണ് അസം. ഈ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി പുതിയൊരു കണക്കെടുപ്പ് എന്ന തീരുമാനത്തിലെത്തിയത്. അസമിലെ കണക്കെടുപ്പില്‍ 40 ലക്ഷം പേര്‍ പൗരത്വ രജിസ്റ്ററിനു പുറത്തായി. ഇതില്‍ 10 ലക്ഷം പേര്‍ മുസ്ലിങ്ങളാണ്.
ബംഗ്ലാദേശില്‍ നിന്നു വ്യാപകമായി കുടിയേറ്റം നടക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ 1980തിലാണ് അസമില്‍ വീണ്ടും പൗരത്വ കണക്കെടുപ്പ് വേണമെന്ന ആവശ്യം ശക്തമായത്. അസമിലെ ഇന്ത്യന്‍ പൗരന്മാരെയും ബംഗ്ലാദേശി കുടിയേറ്റക്കാരെയും കണ്ടെത്തുന്നതിനായി സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ പൗരത്വരേഖ തയാറാക്കിയത്.
1971ല്‍ ബംഗ്ലാദേശ് പിറവിയെടുക്കുന്നതിനു മുന്‍പ് ഇന്ത്യയിലെത്തി എന്നു തെളിയിക്കുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും. മറ്റുള്ളവര്‍ 1971ന് ഇന്ത്യയില്‍ ജീവിച്ചിരുന്നു എന്നതിന് രേഖ സമര്‍പ്പിക്കേണ്ടി വരും.
















